ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരംകലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലംകളിക്ക് ഇടമൊരുക്കിയത്.

‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും പുരുഷന്മാരും ചുവട്‌വച്ച് വട്ടം തിരിഞ്ഞുള്ള നൃത്തം, പാട്ടുകളില്‍ ഗോത്രജീവിതത്തിന്റെ പരിസരവും നിത്യജീവിതരാഗങ്ങളും സന്തോഷവും സന്താപവും ഇടകലരുന്നു. തുടിയാണ് പ്രധാന വാദ്യോപകരണം. കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളാണ് കലോത്സവേദിയില്‍ മംഗലംകളി അവതരിപ്പിച്ചത്. തെക്കന്‍ കേരളത്തിന് അധികം പരിചയമില്ലാത്ത കലാരൂപമാണിത്.