പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ചേലക്കര നിയോജക മണ്ഡലത്തിലെ നാല് സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

ചേലക്കര എസ്.എം.ടി ഗവ. ഹയർ സെക്കന്ററി സ്കൂൾ 200 ലക്ഷം രൂപ, ചെറുതുരുത്തി ജി.എച്ച്.എസ്.എസ് 100 ലക്ഷം രൂപ, പഴയന്നൂർ ജി.എൽ.പി എസ് 100 ലക്ഷം രൂപ, കുത്താമ്പുള്ളി ജി.യു.പി .എസ് 100 ലക്ഷം രൂപ എന്നീ നാല് സ്കൂളുകളിൽ പുതിയ കെട്ടിടം നിർമ്മിക്കുക. പൊതു വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ ചേലക്കര മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പാമ്പാടി, പാഞ്ഞാൾ ഗവ. ഹയർ സെക്കന്ററി സ്കൂളുകളുടെ കെട്ടിടങ്ങളുടെ പണി പൂർത്തിയായി. ജിഎൽ പി സ്കൂൾ മുള്ളൂർക്കര, പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ചേലക്കര ഗവ. മോഡൽ റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഹയർ സെക്കന്ററി വിഭാഗം), തൊഴിൽ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന വാഴക്കോട് കരിയർ ഡവലപ്മെന്റ് സെന്റർ എന്നിവിടങ്ങളിലെ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.