സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പകൾ അനുവദിക്കുന്നു. ചെറുകിട കച്ചവടങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പത്ത് ലക്ഷം രൂപ വരെയും ടാക്‌സി വാഹനങ്ങൾ വാങ്ങുന്നതിനും വ്യവസായങ്ങൾ തുടങ്ങുന്നതിനും 20 ലക്ഷം രൂപ വരെയും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ അനുവദിക്കും.

അപേക്ഷകർ മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരും കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ളവരും ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ. വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ ഹാജരാക്കേണ്ടതാണ്. വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് നോർക്ക വകുപ്പ് വഴി എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി ഏറനാട്, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാർ മലപ്പുറം മുണ്ടുപറമ്പിലുള്ള ഓഫീസുമായി നേരിട്ടോ 0483 2734114, 2734115 എന്ന ഫോൺ നമ്പർ മുഖേനയോ ബന്ധപ്പെടണം. പൊന്നാനി, തിരൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് തിരൂർ ഉപജില്ലാ ഓഫീസിൽ നിന്നും (ഫോൺ: 0494 2432275,7306022541) നിലമ്പൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് വണ്ടൂർ ഉപജില്ലാ ഓഫീസിൽ നിന്നും (ഫോൺ: 04931 248300) വായ്പ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31 വരെ സ്വീകരിക്കും.