ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെസ്സ് പരിശീലന പരിപാടികള്‍ക്ക് തുടക്കം
വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍ അധ്യക്ഷനായി.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍ക്കാണ് ജില്ലയിലെ ചെസ്സ് കളിക്കാരുടെ കൂട്ടായ്മയുടെ സഹായത്തോടുകൂടി പരിശീലനം നല്‍കുന്നതെന്നും തുടര്‍ന്ന് പദ്ധതി വ്യാപിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സേവന സന്നദ്ധരായ ചെസ്സ് പരിശീലകരെ ഉപയോഗപ്പെടുത്തി തിരൂര്‍, കുറ്റിപ്പുറം, മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍ തുടങ്ങി ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായാണ് ആദ്യഘട്ട പരിശീലന പരിപാടികള്‍. ഭിന്നശേഷിക്കാരുടെ വീടുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം സന്ദര്‍ശിച്ച് അവരോടൊപ്പം സമയം ചിലവഴിക്കുകയും തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. ഇതോടൊപ്പം ഐ.ടി സാധ്യതകള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താനും പരിശീലനം നല്‍കും. സര്‍ക്കാര്‍ പദ്ധതികളുള്‍പ്പടെ വിവിധ സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതിനും പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ അടുത്തറിയുന്നതിനും വീടുകളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളിലൂടെ സാധ്യമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ആദ്യ ദിനം തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലും കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളിലുമാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ജനുവരി 13ന് മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും 14 ന് മഞ്ചേരി, നിലമ്പൂര്‍ എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ നടക്കും. തിരൂരില്‍ നടന്ന പരിപാടിയില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര, തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് കള്ളിയത്ത്, ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആഗ്നസ് ജോസഫ്, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ജില്ലാ പാലിയേറ്റീവ് ട്രെയിനര്‍ നാസര്‍ കുറ്റൂര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജലീല്‍ പിലാക്കല്‍ എന്നിവര്‍ സംസാരിച്ചു.
 
വിഭിന്നശേഷിക്കാര്‍ക്ക് ചതുരംഗത്തിലൂടെ കരുത്ത് പകരാന്‍ ജില്ലാ ഭരണകൂടം
വിഭിന്നശേഷിക്കാരുടെ കഴിവുകളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ചെസ് പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ഒരു വ്യക്തിയെന്ന നിലയില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും മാനസികമായ വളര്‍ച്ചയ്ക്കും ഈ ഗെയിം ഏറെ ഉപകരിക്കും. വിഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ കായിക ഇനമെന്നതിലുപരി അവരുടെ ചിന്താശേഷി വളര്‍ത്തുന്നതിനും പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിടുന്നതിനും സാധിക്കുന്നുവെന്നതുമാണ് പദ്ധതിക്കായി ചെസ്സ് തെരെഞ്ഞെടുക്കാന്‍ കാരണമായതെന്ന് കളക്ടര്‍ പറഞ്ഞു. വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സമയം ക്രിയാത്മകവും ആനന്ദകരവുമായി ചെലവഴിക്കാനും വിരസത നിറഞ്ഞ സാചര്യത്തിന് മാറ്റമുണ്ടാക്കാനുമുള്ള നൂതന പദ്ധതിയാണ് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.