പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രസിദ്ധീകരിക്കപ്പെട്ട വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും നിയമാനുസൃതം കൈമാറുവാന്‍ എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു.
അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 881320 ആണ്. പുരുഷ വോട്ടര്‍മാര്‍ 433669, സ്ത്രീ വോട്ടര്‍മാര്‍ 447645, ഭിന്നലിംഗക്കാര്‍ 6 എന്നിങ്ങനെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വോട്ടര്‍പട്ടികയുടെ കോപ്പികള്‍ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും.
2023 ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച ആക്ഷേപങ്ങളും മറ്റ് അപാകതകളും പരിഹരിച്ചതിന് ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.