ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു.
‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്ന സന്ദേശമെഴുതിയ സിഗ്നേച്ചര്‍ വാള്‍ എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണ പരിപാടി സച്ചിന്‍ കുമാര്‍ യാദവ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷനായി.
വോട്ടവകാശം സംബന്ധിച്ച പ്രതിജ്്ഞ സംസ്ഥാന തല മാസ്റ്റര്‍ ട്രെയിനര്‍ കെ.പി അന്‍സുബാബു ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എ. രാധ, പി. അന്‍വര്‍ സാദത്ത്, കെ. ലത, എസ്. സജീദ്, പി. ബിനുമോന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ്, ലോ ഓഫീസര്‍ വിന്‍സന്റ് ജോസ്, ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ. വേണുഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വോട്ട് പൗരന്റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് : സച്ചിന്‍ കുമാര്‍ യാദവ്
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് പറഞ്ഞു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1950 ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ജനുവരി 25 ആണ് ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. ഓരോ വോട്ടിന്റെയും വില ഊന്നിപ്പറയുന്നതിനും വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി വിതരണം അദ്ദേഹം നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ ഡി.ആര്‍.എച്ച്.എസ്.എസ് കണ്ടനകം ഒന്നാം സ്ഥാനവും വി.പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പുത്തൂര്‍, പള്ളിക്കല്‍ രണ്ടാം സ്ഥാനവും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.