സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ കുട്ടികളെ പഠന തല്‍പരരാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എംഎല്‍എ ആസ്തി വികസന ഫണ്ട് 14 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ലാപ്ടോപ്പുകള്‍, ഒഎച്ച്പി, മൈക്രോ ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവ നവീകരിച്ച ക്ലാസ് റൂമുകളില്‍  ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ സ്‌കൂള്‍ ശാസ്ത്രമേളകളില്‍ ജില്ലയെ പ്രതിനിധീകരിച്ച് മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കിയ ജൂലിയറ്റ് ജോസ് , നൗഫല്‍ നിഷാന്‍ എന്നിവര്‍ക്കുള്ള അനുമോദനവും നല്‍കി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എംസി ചെയര്‍മാന്‍ എം സജി, അംഗങ്ങളായ ബി ജയകുമാര്‍, റിഷിനാഥ്, ബി ബിജു ഹെഡ്മാസ്റ്റര്‍ ജി മോഹനന്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.