തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് പതിനേഴാം വാര്‍ഡിലെ ക്രിമിറ്റോറിയത്തിന്റെ താക്കോല്‍ദാനവും പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദേഹം. ജനഹിതം മനസ്സിലാക്കി മുന്നോട്ടുപോകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേത്. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 18 ലക്ഷം രൂപ ചെലവഴിച്ചാണ് ഏറത്ത് ഗ്രാമപഞ്ചായത്തിലെ വട്ടമല പടിയില്‍ അത്യാധുനിക ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, ഏഴംകുളം, ഏനാദിമംഗലം, കൊടുമണ്‍, കലഞ്ഞൂര്‍ പഞ്ചായത്തുകള്‍ക്കും അടൂര്‍ നഗരസഭയ്ക്കുമാണ് ശ്മശാനംകൊണ്ട് പ്രയോജനം ലഭിക്കുന്നത്. ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനപ്രഭ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.