സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. എരവിമംഗലം ഗ്രാമീണ വായനശാല പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഇനി മുതല്‍ ദേശീയ സാംസ്‌കാരിക-സാഹിത്യോത്സവത്തിന്റെ പ്രധാന കേന്ദ്രമായി വായനശാലയെ മാറ്റണം. വിവിധ മേഖലകളിലുള്ള പുസ്തക പ്രസാധക സംഘങ്ങളെ പരിചയപ്പെടാനും നാടക കലാകാരന്മാര്‍, സാഹിത്യ പ്രതിഭകള്‍, സാംസ്‌കാരിക തലങ്ങളില്‍ ഉയര്‍ന്നവരെയൊക്കെ ഇവിടെ എത്തിക്കാന്‍ കഴിയുന്നവിധത്തില്‍ ബൃഹദ് പരിപാടി അഴീക്കോടന്‍ മാഷിന്റെ സ്മൃതിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ആലോചന നടത്തിയതായും മന്ത്രി വ്യക്തമാക്കി.
റവന്യു മന്ത്രിയുടെ നിയോജക മണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തക വിതരണം നടത്തിയത്. ചടങ്ങില്‍ ഡി.ജി.പിയില്‍ നിന്നും ബാഡ്ജ് ഓഫ് ഓണര്‍ നേടിയ അരുണ്‍ കുന്നമ്പത്തിനേയും ഫേക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുബ്രന്‍ പൂച്ചട്ടിയേയും ആദരിച്ചു. എരവിമംഗലം വായനശാലയില്‍ നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി മുഖ്യാതിഥിയായി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി രവീന്ദ്രന്‍, ഇന്ദിര മോഹന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ജി ജയപ്രകാശ്, നടത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എന്‍ സീതാലക്ഷ്മി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ അമല്‍റാം, നടത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എസ് ബിജു, കെ.ജെ ജയന്‍, സിന്ധു ഉണ്ണികൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ഇ.എം എല്‍ദോ, ഇരവിമംഗലം ഗ്രാമീണ വായനശാല പ്രസിഡണ്ട് ടി.ആര്‍ വിജയന്‍, സെക്രട്ടറി കെ.ആര്‍ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍ രജിത്ത് സ്വാഗതവും മെമ്പര്‍ ടി.എസ് ബിജു നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.