മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച   ഓണാശംസ കാർഡ് തയാറാക്കൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും വിജയികൾക്ക് നൽകി.

സംസ്ഥാനത്തെ എല്ലാ എയ്‌ഡഡ്, അൺഎയ്‌ഡ്, സർക്കാർ സ്കൂളുകളിലെ യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഓണത്തിന്   ‘ഈ ഓണം വരും തലമുറയ്ക്ക് ‘ എന്ന പേരിലായിരുന്നു ഓണാശംസ കാർഡ് തയാറാക്കൽ മത്സരം സംഘടിപ്പിച്ചത്.

സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചേവായൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനി അമേലിയ എലിസ ബാബുവിന് കലക്ടർ സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിച്ചു. ജില്ലാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥിനി ആദിലക്ഷ്മി രണ്ടാം സ്ഥാനവും വടകര റാണി പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി കെ എം ശ്രീഗംഗ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ജില്ലാതലത്തിൽ ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥി എൻ എസ് ജനക്, പയ്യോളി വിദ്യാനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥി  എസ് സാകേത് റാം, കൊയിലാണ്ടി അമൃത വിദ്യാലയം വിദ്യാർത്ഥിനി വാമിക പി നായർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, അസിസ്റ്റന്റ് കോർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.