നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്ലാക്കീഴിൽ, 202 ആം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഈ സാമ്പത്തിക വർഷം ആയിരം റേഷൻകടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നഗരങ്ങളെക്കാൾ ഗ്രാമീണ, മലയോര, വന മേഖലകളിലെ റേഷൻ കടകളെ കെ -സ്റ്റോർ ആക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അത്തരം പ്രദേശത്തെ ജനങ്ങൾക്ക് കെ -സ്റ്റോർ വഴി ലഭിക്കുന്ന ഓൺലൈൻ – ബാങ്കിങ് സൗകര്യങ്ങൾ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ആദ്യ വില്പന നടത്തി.

ആദ്യ രണ്ട് ഘട്ടങ്ങളിലായി നെടുമങ്ങാട് താലൂക്കിലെ 8 റേഷൻ കടകൾ കെ-സ്റ്റോർ ആക്കി ഉയർത്തിയിരിരുന്നു. കെ-സ്റ്റോറിന്റെ മൂന്നാം ഘട്ട പദ്ധതിയിൽ നെടുമങ്ങാട് താലൂക്കിലെ 14 റേഷൻ കടകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും നിലവിൽ റേഷൻകാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്‌റ്റോറിലൂടെ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ-സ്റ്റോറിൽ ലഭ്യമാണ്.

മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ, താലൂക് സപ്ലൈ ഓഫീസർ സിന്ധു. കെ. വി തുടങ്ങിയവരും പങ്കെടുത്തു.