ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അർഹരായവർക്ക് എല്ലാം പട്ടയം നൽകുന്നത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി അവർക്കുള്ള ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതി, രേഖ എന്നിവ ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ തീർപ്പ് ഉണ്ടാക്കൽ എന്നിങ്ങനെ ഒരേസമയം നിർവഹിച്ചാണ് പ്രവർത്തികൾ ത്വരിതപ്പെടുത്തുന്നത്.

പാർപ്പിടം, വ്യവസായം, വാണിജ്യം, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേരളത്തിൽ ഭൂമിയുടെ അളവ് പരിമിതമാണ്. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്ന ശ്രമകരമായ ദൗത്യം സർക്കാർ പ്രഖ്യാപിച്ചത്. ക്ലേശകരമായ കാര്യങ്ങളും നടപ്പാക്കുന്ന സർക്കാരാണ് ഇത്. സാമൂഹിക ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകും.

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും ആരുടെയും മുന്നിൽ ദയാവായ്പിനായി നിൽക്കില്ല. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങൾ ലഭിച്ചേ പറ്റൂ. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങൾക്കെതിരെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് സ്വാഭാവികമായും നൽകേണ്ട വിഹിതവും നൽകുന്നില്ല. ചില സംസ്ഥാനങ്ങൾക്ക് മാത്രം അനിയന്ത്രിതമായി വിഹിതം നൽകുന്ന നിലപാട് വ്യക്തമാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾ ജനങ്ങൾക്കെതിരെ ഉപയോഗിക്കരുത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കൂടെ നിൽക്കേണ്ടവർ സർക്കാരിനെ എതിർക്കുന്ന നിർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം സമീപനത്തിനെതിരെ അണിനിരക്കും. കേരളത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ പതറാതെ വികസന ക്ഷേമ മേഖലകളിൽ നേട്ടം കൈവരിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുറിച്ചിക്കര മടക്കാട്ടുപറമ്പ് വീട്ടിൽ ലക്ഷ്മി വനഭൂമി പട്ടയവും, ചിറ്റിലപ്പള്ളി നീലത്തു വീട്ടിൽ രവീന്ദ്രൻ, പാണഞ്ചേരി വില്ലേജ് കളപ്പുര പറമ്പിൽ ജോയ് എന്നിവർ പുറമ്പോക്ക് പട്ടയവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷനായി. 2024 മാർച്ച് 1 മുതൽ 15 വരെ സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ വില്ലേജുകളിലും വനഭൂമി പട്ടയങ്ങൾക്കായി അപേക്ഷ ലഭ്യമാക്കാത്ത മലയോര കർഷകർക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം അനുവദിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. 1977ന് മുൻപ് പട്ടയം ലഭ്യമാകാൻ അവകാശമുള്ള ഭൂമി കൈവശമുള്ള ആളുകളിൽ അർഹതപ്പെട്ടവർക്ക് പ്രത്യേക അപേക്ഷയും സംയുക്ത പരിശോധനയും നടത്താൻ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടര വർഷത്തിൽ വിതരണം ചെയ്തത് 1,53,103 പട്ടയങ്ങളാണ്. സംയോജിത പോർട്ടൽ ഉടൻ നിലവിൽ വരും. ഡിജിറ്റൽ റിസർവ്വേയിലൂടെ യഥാർത്ഥ ഭൂമിയുടെ അവകാശികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി – പട്ടികവർഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് സ്വന്തമായി ഭൂമിയും ഭൂമിക്കൊരു രേഖയും ആ ഭൂമിയിൽ പാർപ്പിടം ഉണ്ടാകുക എന്നത്. ഈ മഹത്തായ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാര്‍ പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാനത്താകെ 31499 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍.

തൃശൂര്‍ ജില്ലയില്‍ 3922 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എല്‍ എ (1964) 13, എല്‍ എ (1995) 24, കോളനി പട്ടയം- 5, എല്‍.ടി- 3508, മിച്ചഭൂമി- 13, വനഭൂമി പട്ടയം (1993) 325, ഇനാം- 23, സുനാമി- 11 എന്നിങ്ങനെയാണ് കണക്ക്.

എം.എല്‍.എമാരായ പി ബാലചന്ദ്രന്‍, വി.ആര്‍ സുനില്‍കുമാര്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് ബോർഡ് സെക്രട്ടറി എ ഗീത, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, എ ഡി എം ടി. മുരളി, രാഷട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.