മുഖ്യമന്ത്രി എപ്പോഴും ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് നാടിന്റെ വികസനത്തിന്റെ വിഷയത്തില്‍, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയില്ല , മതമില്ല, രാഷ്ട്രീയമില്ല എന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നാം പട്ടയമേളയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 31499 പട്ടയങ്ങള്‍ വിതരണം ചെയ്യുകയാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടു പട്ടയമേളകളിലായി 2671 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് 1244 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നു. വലിയ അഭിമാനനേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിമല ശ്രീധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താന്‍ , ബി. അബ്ദുള്‍ ഗഫൂര്‍, കരീം മൈല്‍പ്പാറ, എം. അനന്തന്‍ നമ്പ്യാര്‍, പ്രമീള മജല്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം കെ.വി. ശ്രുതി നന്ദി പറഞ്ഞു.