എല്ലാ മണ്ഡലത്തിലെയും മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കളര്‍കോട് ഗവ.യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴുവർഷം കൊണ്ട് ഓരോ മണ്ഡലത്തിലെയും 75 ശതമാനത്തോളം സ്കൂളുകളിൽ കെട്ടിടം പണിത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. ബഹുഭൂരിപക്ഷം സ്കൂളുകൾക്കും അടിസ്ഥാന സൗകര്യങ്ങളായിക്കഴിഞ്ഞു. അവശേഷിക്കുന്ന സ്കൂളുകളിലും രണ്ടുവർഷംകൊണ്ട് ഈ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

സ്ഥലപരിമിതി കൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ കുറവുകൾ കൊണ്ടും സ്കൂളുകൾ വീർപ്പുമുട്ടിയിരുന്ന സന്ദർഭത്തിലാണ് 2016-ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റെടുക്കുന്നത്. എല്ലാ സ്കൂളുകളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 5500 കോടി രൂപ സർക്കാർ ചെലവഴിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മാത്രം 3000 കോടിയോളം രൂപയാണ് ചെലവഴിച്ചത്. അമ്പലപ്പുഴ മണ്ഡലത്തിൽ 28 സ്കൂളുകൾക്കാണ് ഏഴുവർഷംകൊണ്ട് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്.

അക്കാദമിക് നിലവാരത്തിൽ മാറ്റം വരുത്തുകയാണ് പൊതുവിദ്യാഭ്യാസ വിജ്ഞാനത്തിന്റെ മറ്റൊരു തലം. 1250 കോടി രൂപ ചെലവിൽ കേരളത്തിലെ എൽ.പി.,യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തുടങ്ങി എല്ലാ സ്കൂളുകളും ഹൈടെക് ആക്കിയെന്നും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴയുടെ എം.എൽ.എ.യും മുൻമന്ത്രിയുമായിരുന്ന ജി. സുധാകരൻ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും പുതിയ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനും നേതൃത്വം നൽകുന്ന എച്ച്. സലാം എം.എൽ.എ.യെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ആര്‍. വിനീത, എം.ആര്‍. പ്രേം, എ.എസ്. കവിത, നഗരസഭാഗങ്ങളായ എസ്. ഹരികൃഷ്ണന്‍, സി. അരവിന്ദാക്ഷൻ, മനീഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം. നസിയ, പൊതുമരാമത്ത് കെട്ടിട വിഭാഗം എ.എക്സ്.ഇ. നിഹാൽ, ജില്ല എ.ഇ.ഒ. എ.കെ. ശോഭന, വിദ്യ കിരണം കോ- ഓര്‍ഡിനേറ്റര്‍ എ.ജി. ജയകൃഷ്ണന്‍, ബി.പി.സി. സന്ദീപ് ഉണ്ണിക്കൃഷ്ണന്‍, എസ്.എം.സി. ചെയര്‍മാന്‍ പി. പ്രവീണ്‍, എസ്.എം.സി. വൈസ് ചെയർമാൻ സത്താർ, എം.എ. നൗഫൽ, വിനോദ്കുമാർ, സദാശിവൻപിള്ള, നസീർ സലാം, മുജീബ് റഹ്മാൻ ജമാൽ, ജമാൽ പള്ളാത്തുരുത്തി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുവിദ്യാഭാസ വകുപ്പിന്റെ വാർഷിക പദ്ധതി 2019-20 പ്രകാരം രണ്ടുകോടി രൂപ ചെലവിലാണ് പുതിയകെട്ടിടത്തിൻ്റെ നിർമാണം. ഒന്നാംനിലയിൽ അഞ്ച് ക്ലാസ്സ്‌മുറികൾ, ലാബ്, സ്റ്റെയർകേസ്, വരാന്ത എന്നിവയാണുള്ളത്. രണ്ടാംനിലയിൽ അഞ്ച് ക്ലാസ്സ്‌മുറികൾ, സ്റ്റെയർകേസ്, വരാന്ത, നാല് ടോയ്‌ലറ്റ് ഉൾപ്പെടുന്ന ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. 4058 ചതുരശ്ര അടി വീതമാണ് ഇരുനിലകളുടെയും വിസ്തീർണ്ണം. സ്മാർട്ട് ക്ലാസ് മുറികളായി മാറ്റാവുന്ന വിധത്തിൽ കമ്പ്യൂട്ടർ, പ്രോജക്ടർ പോയിൻ്റ്റുകൾ എല്ലാ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്. 828 ചതുരശ്ര അടിയിൽ കമാന ആകൃതിയിൽ പോർച്ച്, ഭിന്നശേഷിക്കാർക്ക് റാമ്പ്, ഗേറ്റ്, സ്കൂളിൻ്റെ പേര് എഴുതിയ ബോർഡ്, ക്ലാസ് മുറികളിൽ ബോർഡ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.