ലൈഫ് ഭവന പദ്ധതി മുഖേന ജില്ലയില്‍ 6,949 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8,784 ഗുണഭോക്താക്കളില്‍ 8,440 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ അര്‍ഹരായ 4,656 ഗുണഭോക്താക്കളില്‍ 4,193 പേര്‍ കരാറിലേര്‍പ്പെടുകയും 4,048 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പൂര്‍ത്തിയാവാനുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നാം ഘട്ടത്തില്‍ ഭൂ-ഭവനരഹിതരുടെ വിഭാഗത്തില്‍ ഭൂമി കണ്ടെത്തിയ 972 ഗുണഭോക്താകളില്‍ 962 പേര്‍ കരാറിലേര്‍പ്പെടുകയും 752 പേരുടെ ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 2019 ലെ എസ്.സി, എസ്.ടി/ഫിഷറീസ് അഡിഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3,311 ഗുണഭോക്താക്കളില്‍ 2,550 പേര്‍ കരാറിലേര്‍പ്പെട്ട് 1,814 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു.

ലൈഫ് 2020-ലെ ഗുണഭോക്തൃ പട്ടികയില്‍ ഭൂമിയുള്ള ഭവന രഹിതരില്‍ നിന്നും 17,322 പേരും ഭൂ-ഭവന രഹിതരായ 5,708 പേരും അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതില്‍ ഗ്രാമ പഞ്ചായത്തുകള്‍ മുഖേന 2682 ഗുണഭോക്താക്കളില്‍ 2,370 പേര്‍ കരാറിലേര്‍പ്പെടുകയും 89 അതിദാരിദ്ര്യ വിഭാഗക്കാര്‍ ഉള്‍പ്പെടെ 333 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവ ഭവന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.