ഹരിപ്പാട്: സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയിൽ 98 മാർക്ക് വാങ്ങി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാർത്യായനിയമ്മയെ ജില്ലാ കളക്ടർ എസ്. സുഹാസ് വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. പൊന്നാട അണിയിച്ചതിനൊപ്പം കളക്ടറുടെ വക സമ്മാനമായി ഒരു പേനയും നൽകി. അക്ഷരലക്ഷം നാലാംക്ലാസ്സ് തുല്യത പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പരീക്ഷാർത്ഥിയായിരുന്നു 96 കാരിയായ കാർത്യായനിയമ്മ. പത്താം തരം തുല്യതാ പരീക്ഷ പാസാകണം എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് കാർത്യായനിയമ്മ കളക്ടറോട് പറഞ്ഞു. പഠനവുമായി മൂന്നോട്ട് പോകാൻ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതുൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും കളക്ടർ ഉറപ്പ് നൽകി. കാർത്യായനിയമ്മ കൈവരിച്ച ഈ വിജയത്തിൽ താൻ അഭിമാനിക്കുന്നതായും പഠനം പലകാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നവർക്ക് ഇതൊരു മാതൃകയാണെന്നും കളക്ടർ പറഞ്ഞു. ആലപ്പുഴ ജില്ലയുടെ അഭിമാനമാണ് കാർത്യായനിയമ്മയെന്നും കളക്ടർ കൂട്ടിച്ചേർത്തു. പ്രളയാനന്തരം മൂട്ടം പ്രദേശത്ത് ശുദ്ധജല കുടിവെള്ള ക്ഷാമം നേരിടുന്നുണ്ടെന്ന പരിഭവം കാർത്യായനിയമ്മ കളക്ടറോട് പറഞ്ഞപ്പോൾ ഉടൻ തന്നെ ശുദ്ധജല വിതരണം പുനസ്ഥാപിക്കാമെന്ന ഉറപ്പും നൽകിയാണ് കളക്ടർ മടങ്ങിയത്. പ്രേരക് സുധയാണ് കാർത്യായനിയമ്മയെ പരീക്ഷക്കായി പരിശീലിപ്പിച്ചത്.