നവോത്ഥാനത്തെ മുന്നോട്ട് നയിക്കാൻ നമുക്ക് ബാധ്യതയുണ്ട്
ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളെ അനുകൂലിക്കാതെയും അനാചാരങ്ങൾക്കുവേണ്ടി പിന്തിരിപ്പൻ നയം സ്വീകരിക്കുകയും ചെയ്യുന്നവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സർക്കാർ കിടങ്ങാം പറമ്പ് മൈതാനിയിൽ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളബരത്തിന്റെ 82-ാം വാർഷികാഘോഷങ്ങളുടെ ജില്ലാ തല സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കേവലം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിനപ്പുറത്ത് നവോത്ഥാനത്തെ മുന്നോട്ട് നയിക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അതിൽ നിസ്സംശയം സർക്കാർ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവയെ മനപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്ന പല സംഘടനകളുടേയും നേതൃനിരയിൽ ഉള്ള ആളുകളെ തിരുത്താൻ സാധിക്കില്ല. എന്നാൽ അതേ പ്രസ്ഥാനത്തിന്റെ അനുയായികളെ ചരിത്രം പഠിപ്പിക്കാൻ സാധിക്കും. കേരളത്തിൽ ചരിത്രം പറയേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി ഇതിന്റെ തുടർച്ചയായി ആശയ സംവാദങ്ങൾ നടത്തണം. ക്ഷേത്രങ്ങൾ സാമൂഹിക ജീവിതത്തിന്റെ ശിലാകേന്ദ്രങ്ങൾ ആയിരുന്നു. ക്ഷേത്രങ്ങൾ കേവലം ആരാധനാ കേന്ദ്രങ്ങൾക്ക് പുറമേ കല, സാഹിത്യം, വിദ്യ തുടങ്ങിയവയുടെ കേന്ദ്രങ്ങളായിരുന്നു.ശാസ്ത്രം, മതം, കല എന്നിവയാണ് ഒരു മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുന്നത്. പ്രവാചകന്മാരില്ലാത്ത് മതമാണ് ഹൈന്ദവ മതം. ശങ്കരാചാര്യരുടെ അദ്വൈത ശാസ്ത്രമാണ് ഹൈന്ദവ മതത്തിന്റെ മകുടസ്ഥാനത്തുള്ളത്. ഒറ്റ ബ്രഹ്മത്തെയാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വെച്ചത്. അവർണരുടെ മൂക്കുകുത്തി പറിച്ചെറിഞ്ഞ സവർണ്ണർക്കെതിരെ ലഹള അഴിച്ചുവിട്ട ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അതേ പന്തളത്ത് നിന്നുമാണ് ഇപ്പോൾ സുപ്രീം കോടതി വിധിയ്ക്കെതിരെ ജാഥാ ആരംഭിച്ചത് എന്നത് ചരിത്രത്തിന്റെ വൈരുധ്യമാണ്. നവോത്ഥാന പൈതൃകമുള്ളവർ തന്നെയാണ് ഇന്ന് പുരോഗമനപരമായ പരിവർത്തനങ്ങൾക്കെതിരെ മുന്നിൽ നിൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ ജനങ്ങളും ഒന്നിച്ചു നിന്നു കേരളത്തിന്റെ നവോത്ഥാനത്തിനു ഒപ്പം നിന്നു പൂർവ്വികർ കൊളുത്തി വെച്ച ജ്വാല അണയാതെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തെ പോലും നാണിപ്പിക്കുന്ന രീതിയിൽ ഭയപ്പെടുത്തുന്ന തരത്തിലുള്ള സംഘടിത പ്രവർത്തനങ്ങളാണ് ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ചരിത്ര ബോധം നഷ്ടപ്പെടുമ്പോഴാണ് ഏറ്റവും അപകടകാരികളായ സമൂഹം രൂപപ്പെടുന്നത്. ജാതി സംബന്ധമായ അടിമത്വമൊക്കെ പണ്ടേ അസ്തമിച്ചതാണ്. സംസ്ഥാനത്ത് നവോത്ഥാനത്തിന്റെ ആലയടികൾ ആഞ്ഞടിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന സൗഹാർദ്ദം. സ്നേഹമെന്ന് പറയേണ്ടതിന് പകരം സഹിഷ്ണുത എന്ന് പറയേണ്ടത് വേദനാജനകമാണെന്ന് അദ്ദഹം പറഞ്ഞു. രാഷ്ട്രത്തിന്റെ പരമോന്നത നീധിപീഠം ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. ഒരു ചരിത്ര ബോധവുമില്ലാത്തവരാണ് ഇതിനെതിരെ ആക്രോശിക്കുന്നത്. അവർ പറയുന്നതിന്റെ അർത്ഥം അവർക്കു തന്നെ അറിയില്ല. സവർണ്ണ മേധാവിത്തതിന് തടയിടാനായി അവർണ്ണരെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാജൻ ഗുരുക്കൾ പറഞ്ഞു.
ജനപ്രതിനിധികൾ ജനനന്മ ലക്ഷ്യമിട്ട് എടുക്കുന്ന തീരുമാനങ്ങൾക്ക് അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നും കാലത്തിനനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണെന്നും സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ പറഞ്ഞു. ജാതി ഭേദമില്ലാതെ ആദ്യം നടന്നത് വൈക്കം സത്യാഗ്രഹമാണ്. സവർണ്ണ മേധാവിത്തം അവസാനിപ്പിച്ച് , സംഘടിതമായി സംഘർഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിഞ്ഞ് ശ്രദ്ധാപൂർവ്വം കൈകാര്യ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ ചരിത്ര ബോധമുളളവരാക്കുക എന്നതാണ് സമകാലീന രാഷ്ട്രയത്തിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു. ചരിത്രമോധമുള്ളവരെ പിന്നോട്ട് നയിക്കുക സാധ്യമല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, പി.കൃഷ്ണപിള്ള, എ.കെ.ജി, കെ. കേളപ്പൻ തുടങ്ങിയവർ നയിച്ച ചരിത്ര പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ക്ഷേത്ര പ്രവേശനം എല്ലാവർക്കും സാധ്യമായത്. ആർഷ ഭാരത സംസ്കാരത്തിൽ ഊഷ്മളമായ സങ്കൽപമാണ് ഈശ്വരനെക്കുറിച്ചുള്ളത്. പിന്നെ എങ്ങനെയാണ് ഈശ്വരന് ആയിത്തം ഉണ്ടാവുകയെന്ന് അദ്ദേഹം ചോദിച്ചു. ബ്രാഹ്മണർ ഒഴികെയുള്ളവരെ അവർണർ ആയി കണ്ട സാഹചര്യം ഇവിടെ നിലനിന്നിരുന്നെന്നും അതിൽ നിന്നൊക്കെയും സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിൽ പുരോഗതിയിലേക്ക് നയിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊക്കെ വിസ്മരിക്കുന്ന ചിലരാണ് പല തരത്തിലുള്ള പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങുന്നത്.വയലാർ അവാർഡ് നേടിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിനെ യോഗത്തിൽ ധനമന്ത്രി ടി.എം.തോമസ് ഐസക് പൊന്നാട അണിയിച്ച് ആദരിച്ചു.
1936 മുതൽ ഉണ്ടായ മുന്നേറ്റത്തിന് ശേഷം ഇന്ത്യയെന്ന വിശാലമായ രാജ്യത്ത് വ്യത്യസ്തമായ ഒരു സംസ്ഥാനമായി നമ്മൾ ഉയർന്നുവന്നതിൽ നവോദ്ധാന നായകരുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും എല്ലാം ഉജ്ജ്വലമായ പങ്ക് ഉണ്ടെന്ന് നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് ഭക്ഷ്യ വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. നവോത്ഥാന നായകർ നേടിത്തന്ന ഈ പുണ്യഭൂമിയുടെ എല്ലാ ചൈതന്യവും നഷ്ടപ്പെടുത്താൻ, മദ്ധ്യകാല യുഗത്തിന്റെ ഇരുണ്ട കാലത്തിലേക്ക് നമ്മെ ആട്ടിപ്പായിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇരുട്ടിന്റെ ശക്തികളാണ് അത് നടത്തുന്നത്. അവർ പഴയ ജന്മിത്വത്തിന്റെ, നാട് വാഴിത്തത്തിന്റെ , പൗരോഹിത്യത്തിന്റെ പുതിയ രാഷ്ട്രീയ വേഷം പൂണ്ടു നിൽക്കുന്നു എന്നുള്ളതല്ല, അതിനപ്പുറം അവർക്ക് അജണ്ടയുണ്ട്. ഫാസിസം അതിന്റെ ഏറ്റവും ഭീകരമായ മുഖവുമായി നമ്മളെ വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നതാണ് നമ്മൾ കാണേണ്ടത്. അയ്യപ്പന്റെ തൊട്ടടുത്ത് വാവര് സ്വാമിയുണ്ട്. മാളികപ്പുറത്തമ്മയുണ്ട്. ഇവിടെ നിന്ന് മാലയിട്ട് ശബരിമലയ്ക്ക് പോകുന്നവർ വെളുത്തച്ഛനെക്കണ്ടിട്ടാണ് മാലയൂരുന്നത്. അത്ര മനോഹരമായ സങ്കൽപ്പമാണ് ശബരിമല സന്നിധിയുമായി ബന്ധപ്പെട്ട് നാം വളർത്തിയെടുത്തിട്ടുള്ളത്. ആ ബഹുസ്വരതയെ തകർക്കാനുള്ള കൊണ്ടുപിടിച്ച സംഘടിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അയ്യപ്പൻ ദിവസവും ഉറങ്ങുന്നത് ഹരിവരാസനം പാട്ട് കേട്ടാണ്. അത് പാടിയത് യേശുദാസാണ്. ഹരിവരാസനം എഴുതിയത് ആരാണ് എന്നുകൂടി നാം അറിയണം. ബഹുജന മുന്നേറ്റമാണ് ഇവിടെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി വേണ്ടത്.
ശബരിമലയുടെ ആചാരങ്ങൾ മാറിവന്നതിനെക്കുറിച്ച് രാജൻഗുരുക്കൾ പറഞ്ഞത് ശ്രദ്ധേയമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ശബരിമലയിൽ കാട്ടിൽ പ്രതിഷ്ഠ വയ്ക്കാൻ ആഗമ പൂജാ വിധികൾ പറഞ്ഞ് മലയാള ബ്രഹ്മണർ അംഗീകരിക്കാതിരുന്നതിനാലാണ് ആന്ധ്രയിൽ നിന്ന് പന്തളം രാജാവിന് പോറ്റിമാരെക്കൊണ്ടുവരേണ്ടിവന്നത്. പിന്നീട് പട്ടികവർഗക്കാർ, ചീരപ്പൻചിറ വീട്ടുകാർ എന്നിവർ ശബരിമലയിൽ നിന്ന് പുറത്തായി. അതിന്റെ തുടർച്ചയായാണ് ചില പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കിയത്. കഴിഞ്ഞകാല നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളുടെ പുതിയതലമുറ ഇപ്പോഴത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ മുന്നോട്ട് വരാത്തത് ഗൗരവമായി കാണണമെന്ന പുന്നല ശ്രീകുമാറിന്റെ നിരീക്ഷണവും ശ്രദ്ധേയമാണെന്ന് ധനമന്ത്രി പറഞ്ഞു.