ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുടെ കർമ്മ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന് ജില്ലാതല കോർഡിനേഷൻ സമിതിയുടെ ആദ്യ യോഗം ചേർന്നു. സബ്കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. മാലിന്യ സംസ്‌കരണത്തിനും ശുചിത്വ ബോധവത്കരണത്തിനും ജില്ലയിൽ പുതിയൊരു സംസ്‌കാരം താഴെത്തട്ടിൽ നിന്നും വളർത്തിയെടുക്കുക, ഹരിത കർമ്മ സേനകളുടെ സ്വീകാര്യത സമൂഹത്തിൽ വർദ്ധിപ്പിക്കുക, ഹരിത ചട്ടം നിർബന്ധമാക്കുക, വനം – വിനോദ സഞ്ചാര മേഖലയിലെ മാലിന്യ നിയന്ത്രണം, കാർഷിക മേഖലയിലെ കമ്പോസ്റ്റ് വ്യാപനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സൗഹൃദ വികസനം യാഥാർത്ഥ്യമാക്കാൻ വാർഡ് മുതൽ ജില്ലാതലം വരെ സമിതികൾ രൂപികരിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 51 പേരാണ് വാർഡുതല സമിതികളിൽ അംഗങ്ങളാകുക. ഗ്രാമസഭകൾ ചേർന്നായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. തുടർന്ന് പദ്ധതിയുടെ ഏകോപനത്തിനായി വാർഡുതല സമിതികളിൽ നിന്നും ഓരോ കൺവീനർമാരെയും തിരഞ്ഞെടുക്കും. ജില്ലാതല കോർഡിനേഷൻ സമിതിയാണ് ജില്ലാതല പ്രവർത്തനങ്ങൾ വിലയിരുത്തുക. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ചെയർമാനായ ജില്ലാതല കോർഡിനേഷൻ സമിതിയിൽ സബ്കളക്ടർ കൺവീനറായിരിക്കും. പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾക്കായി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ശുചിത്വമിഷൻ തുടങ്ങിയവർ അംഗങ്ങളായ അപ്ലറ്റ് സമിതിയും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ വാർഡ്തല ശുചിത്വ പരിപാലന സമിതികൾ രൂപികരിച്ച് നവംബർ 25 നകം കൺവീനർമാരെ തിരഞ്ഞെടുക്കും. തുടർന്ന് ഇവർക്ക് മാലിന്യ – ശുചിത്വ മേഖലകളിലെ വിവിധ നിയമവശങ്ങളിൽ പരിശീലനം നൽകും. പഞ്ചായത്തുതല കോർഡിനേഷൻ സമിതി നവംബർ 30ന് മുമ്പ് ചേരാനും യോഗത്തിൽ തീരുമാനമായി.
മുഴുവൻ പഞ്ചായത്തുകളിലും എം.സി.എഫ് സ്ഥാപിക്കുന്നതോടെ അജൈവ മാലിന്യ സംസ്‌ക്കരണത്തിൽ ഹരിതകർമ്മ സേനകളുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. നിലവിൽ പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റുകളുള്ള മുപ്പൈനാട്, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. ഒരു കിലോ മീറ്റർ റോഡ് ടാർ ചെയ്യാൻ 310 കിലോഗ്രാം പ്ലാസ്റ്റിക് വേണ്ടിവരുമെന്ന് എൽ.എസ്.ജി.ഡി. എൻജിനീയറിംഗ് വിഭാഗം അറിയിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി ബ്രാൻഡ് ചെയ്ത് ആവശ്യക്കാർക്കെത്തിക്കാനും കോഴി ഇറച്ചി മാലിന്യം സംസ്‌കരിക്കാൻ കണ്ണൂർ പാപ്പിനിശ്ശേരി മാതൃകയിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനും കർമ്മ പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്. വരൾച്ചയെ പ്രതിരോധിക്കാൻ പഞ്ചായത്തടിസ്ഥാനത്തിൽ കൈത്തോടുകളും പുഴകളും പുനരുജ്ജിവിപ്പിക്കാനുളള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും.
യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ. സുധീർകിഷൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എ. ജസ്റ്റിൻ, കോർഡിനേറ്റർമാരായ എ.കെ. രാജേഷ്, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സുൽത്താൻ ബത്തേരി നഗരസഭ അംഗം സി.കെ. സഹദേവൻ നഗരസഭ വിജയകരമായി നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതികളുടെ അനുഭവങ്ങൾ പങ്കുവച്ചു.