ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് അദാലത്തുകളുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ ലഭിച്ചു. 348 അപേക്ഷകളിൽ തീരുമാനം എടുക്കുകയും 130 അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രിമാർ അറിയിച്ചു. അദാലത്ത് വേദിയിൽ 20 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് താലൂക്ക് അദാലത്തുകളിലായി ആകെ 1829 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1035 അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും 794 അപേക്ഷകൾ നടപടികൾ തുടരുകയുമാണ്. ആകെ 76 പേർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
തൊടുപുഴയിലെ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന അദാലത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എം.എൽ.എ. പി.ജെ. ജോസഫ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അദാലത്തിൽ 17 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന (എ.എ.വൈ.) റേഷൻ കാർഡുകൾ വിതരണം ചെയ്തു.
പരാതികൾ പരിഹരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്: മന്ത്രി വി.എൻ. വാസവൻ
പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് മന്ത്രി വി.എൻ. വാസവൻ. കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്‍തല അദാലത്തിൽ കുമ്മംകല്ല് ബി.ടി.എം എൽ.പി. സ്കൂളിന് പുതിയ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. ശോച്യാവസ്ഥയിലായ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ആരോപണം. രേഖകൾ പരിശോധിച്ച മന്ത്രി പരാതി പരിശോധിച്ച് നിയമവിധേയമായി തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മുൻപ് സ്കൂളിന് ഫിറ്റ്നസ് നൽകാത്തതിൻ്റ പേരിൽ അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ മാനേജ്മെൻ്റ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ബിൽഡിംഗ് പെർമിറ്റ് നൽകാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് മാനേജ്മെൻ്റ് മന്ത്രിയെ അറിയച്ചത്. 1979 ൽ ആരംഭിച്ച ബി.ടി.എം എൽ.പി. സ്കൂളിൽ നിലവിൽ 140 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.