കാസർഗോഡ് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍ അംഗണവാടി പദ്ധതിയില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക വകയിരുത്തി പ്രവൃത്തികള്‍ നടന്നുവരികയാണ്. നിലവില്‍ എട്ട് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 18 അങ്കണവാടികളുടെ നിര്‍മ്മാണം നടന്നു വരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതിവേഗം നല്‍കുകയാണ് കാസര്‍ഗോഡ് വികസന പാക്കേജിന്റെ കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതി.
ഇതിന്റെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു അംഗന്‍വാടിക് 7.31 ലക്ഷം മുതല്‍ 12.92 ലക്ഷം രൂപ വരെ ചെലവഴിച്ച് നിരവധി ആധുനിക അംഗണവാടി നിര്‍മിക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലയുടെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആധുനിക സൗകര്യങ്ങളോടെ അങ്കണവാടികള്‍ ഉയര്‍ന്നു വരുമ്പോള്‍, ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പഠനമേഖല ലഭ്യമാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മന്നംകുഴി, കോട്ടപ്പുറം, വര്‍ക്കത്തൊട്ടി, കുതിരപ്പാടി, അലായി, കുട്ടമത്ത് മിനി, ബളാംതോട് എന്നീ സ്ഥലങ്ങളിലെ അങ്കണവാടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. ഇത് കാസര്‍ഗോഡ് ജില്ലയിലെ വിദ്യഭ്യാസ രംഗത്തുള്ള വളര്‍ച്ചയ്ക്ക് പുതിയ അധ്യായം തുറന്നിടും.
കാസര്‍കോട് വികസന പാക്കേജിന്റെ കീഴില്‍ ഏകദേശം മൂന്ന് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുക മാത്രമല്ല, സ്ത്രീകളുടെയും ആഗോള വികസനത്തിന്റെയും ഗുണഫലങ്ങള്‍ ഈ മേഖലയില്‍ പ്രതീക്ഷിക്കാം. നിലവില്‍ പൂര്‍ത്തിയായ പദ്ധതികളായ കുട്ടമത്ത് മിനി (ചെറുവത്തൂര്‍), ബാളാംതോട് (പനത്തടി) എന്നിവയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, മറ്റ് അങ്കണവാടികള്‍ക്കും സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായാല്‍ കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകള്‍ക്ക് വലിയ ഉണര്‍വ്വ് നല്‍കും. ജില്ലയില്‍ എല്ലാ അംഗണവാടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് അങ്കണവാടികെട്ടിടം നിര്‍മ്മിക്കുന്ന മിഷന്‍ അങ്കണവാടി പദ്ധതി സഫലമാകുന്നതോടുകൂടി ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കാസർഗോഡ് മാറും.