ഇന്‍ഡ്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മ്മകളുണര്‍ത്തി ജില്ലയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം വര്‍ണാഭമായി. കളക്ട്രേറ്റില്‍ ഡിവൈ.എസ്.പി ആര്‍ പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥികളുടെ റാലി പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.ഗീത സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റില്‍ നിന്ന് തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സംഘടിപ്പിച്ച റാലിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ എന്‍.സി.സി , എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ആഘോഷചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ശിശുദിനസന്ദേശം നല്‍കി. ചാച്ചാജി സ്വപ്നം കണ്ട നാളെയുടെ നല്ല പൗരന്മാരാകാന്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയട്ടെയെന്നും കുട്ടികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സത്യസന്ധവും ശരിയുമായ അറിവുകളാണെന്ന് മനസിലാക്കാനുള്ള ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിയായ പുല്ലാട് ഗവ. മോഡല്‍ യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അമൃത ശ്രീ.വി. പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറായ പന്തളം ഗവണ്‍മെന്റ് യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കൃഷ്ണാ രാജന്‍ അധ്യക്ഷത വഹിച്ചു. പന്തളം എന്‍എസ്എസ് ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വി. അഭിജിത്ത് സ്വാഗതം പറഞ്ഞു. എസ്ബിഎച്ച്എസ്എസ് വെണ്ണിക്കുളം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മഹിമ ആന്‍ ജോര്‍ജ്, അടൂര്‍ സെന്റ് മേരീസ് എംഎം ജിഎച്ച്എസ്എസിലെ മെറിന്‍ വിന്‍സി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. കോന്നി ഗവണ്‍മെന്റ് എച്ച്എസ്എസിലെ നന്ദന അനില്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. സ്റ്റാമ്പ് വിറ്റുകിട്ടുന്ന പണം ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളം എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സാദിയയും സംഘവും, മാന്തുക ഗവണ്‍മെന്റ് യുപിഎസിലെ കെ.എസ് സാന്ദ്രയും സംഘവും ദേശഭക്തിഗാനം ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, എഡിസി ജനറല്‍ വിമല്‍രാജ്, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ കെ. മോഹന്‍കുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ് ജോണ്‍, ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍, എക്സിക്യുട്ടീവ് അംഗം സരസമ്മ രാജന്‍, സമിതി അംഗങ്ങളായ കലാനിലയം രാമചന്ദ്രന്‍, രാജന്‍ പടിയറ, സി.ആര്‍ കൃഷ്ണക്കുറുപ്പ്, ഡോ രാജഗോപാല്‍, സജി വിജയകുമാരന്‍, രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.