കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാർക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ആൻഡ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ, ജില്ലാ പ്രൊബേഷൻ ഓഫീസ് എന്നിവ സംയുക്തമായി ജില്ലാ ജയിലുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. വനിതാ തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻ ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്തു.
ശിക്ഷ കഴിഞ്ഞിറങ്ങുന്ന തടവുകാർക്ക് സ്വന്തമായി തൊഴിലും വരുമാനവും കണ്ടെത്താൻ ഇത്തരം നൈപുണ്യ പരിശീലനപരിപാടികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സൂപ്രണ്ട് വി.ആർ. ശരത് അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗിന്റെ (ആർസെറ്റി )നേതൃത്വത്തിലാണ് പരിശീലനം. ജില്ലാ ജയിലിലെ ഒൻപത് വനിത തടവുകർക്കാണ് പരിശീലനം. പലതരം ജ്യൂസുകൾ, സ്‌നാക്‌സ് ,ബിരിയാണി എന്നിവയുടെ നിർമാണത്തിനാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഫെബ്രുവരി 15 വരെയാണ് പരിശീലനം.
ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സി.എ. അനുമോളും ആർസെറ്റി ട്രെയിനർ ദീപ റെനിയും ചേർന്നാണ് ക്‌ളാസ്സെടുക്കുന്നത്. പരിശീലനത്തിനുശേഷം ഡിജിറ്റൽ മാർക്കറ്റിംഗ് ,വിപണന സാധ്യത, ലോണുകൾ എന്നിവയേക്കുറിച്ചുള്ള ക്ലാസുകളും നൽകും.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സീനിയർ ഡിവിഷൻ സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം , ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ, എസ്.ബി.ഐ. ആർസെറ്റി ഡയറക്ടർ മിനി സൂസൻ വർഗീസ്, വനിത സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, വുമൺ അസിസ്റ്റന്റ് സൂപ്രണ്ട് കെ. ജിജിഷ, കോർട്ട് മാനേജർ ഹരികുമാർ നമ്പൂതിരി
ഡിസ്ട്രിക് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോ – ഓർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, എന്നിവർ പ്രസംഗിച്ചു.