അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമല്ല, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലും ‘സ്മാര്‍ട്ട്’ ആണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങള്‍ നല്‍കുന്ന ഈ മികവാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. കണ്ണൂര്‍ ജില്ലയിലെ മികച്ച വിലേജ് ഓഫീസിനുള്ള റവന്യു വകുപ്പ് അവാര്‍ഡാണ് ഈ ഓഫീസിന് ലഭിച്ചത്. ഇതോടൊപ്പം നികുതി ഉള്‍പ്പെടെയുള്ള റവന്യു പിരിവിലെ കാര്യക്ഷമമായ പ്രവര്‍ത്തനവും പുരസ്‌ക്കാരത്തിന് ഘടകമായി. കൃത്യമായ സമയക്രമം നിശ്ചയിച്ചാണ് പൊതുജനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കുന്നത്. ഓഫീസില്‍ എത്തുന്നവരെ കേള്‍ക്കാനും അപേക്ഷകള്‍ സ്വീകരിക്കാനും പ്രത്യേക ക്രമീകരണം. അപേക്ഷകന്‍ ഏതുദിവസം എത്തണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ എഴുതി വയ്ക്കും. ആദ്യമെത്തുന്നവര്‍ക്ക് ആദ്യ പരിഗണന എന്നതാണ് നയം. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. അതിനായി മിക്കപ്പോഴും അധികസമയം ഓഫീസില്‍ ചെലവഴിക്കേണ്ടി വരാറുണ്ടെന്ന് വില്ലേജ് ഓഫീസര്‍ കെ.കെ. ജയദേവന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ അപേക്ഷകള്‍ പരമാവധി അതത് ദിവസം തന്നെ ചെയ്തു തീര്‍ക്കും. പ്രതിദിനം ശരാശരി നൂറോളം പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീലെത്തുന്നത്. അടിസ്ഥാന ഭൂനികുതി, ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ ലാന്‍ഡ് റവന്യൂ വകുപ്പ് ചുമത്തുന്ന എല്ലാവിധ നികുതികളും, കരങ്ങളും, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈടാക്കേണ്ടതായ മറ്റു തുകകളും യഥാസമയം പിരിക്കാന്‍ സാധിച്ചു. റവന്യൂ റിക്കവറി ഇനത്തില്‍ 2,50,37065 രൂപയും ലാന്റ് റവന്യൂ വരുമാനത്തില്‍ 1,42,88,800 രൂപയുമാണ് 2024 ഡിസംബര്‍ വരെ കണ്ണൂര്‍ 1 വില്ലേജ് ഓഫീസ് മുഖേന പിരിച്ചെടുത്തത്. 450 ലധികം ആഡംബര നികുതി പിരിച്ചു. 18000 ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും കോര്‍പ്പറേഷന്റെയും പൊതുജനങ്ങളുടെയും നിര്‍ലോപമായ സഹകരണവുമെല്ലാം കരുത്തായെന്ന് വില്ലേജ് ഓഫീസര്‍ കെ.കെ ജയദേവന്‍ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടിയതുമായ വില്ലേജാണ് കണ്ണൂര്‍ ഒന്ന്. കന്റോണ്‍മെന്റ് ഏരിയ ഉള്‍പ്പെടുന്ന കേരളത്തിലെ ഏക വില്ലേജാണിത്. വായനശാലകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകളും വില്ലേജ് തല ജനകീയ സമിതികളും സംഘടിപ്പിച്ചു. ദുരന്തങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും പരാതി രഹിതമായും ഏകോപിപ്പിക്കാന്‍ വില്ലേജ് അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചു. സമയബന്ധിതവും സുതാര്യവുമായ സേവനം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനാല്‍ തന്നെ 2021 ലും കണ്ണൂര്‍ 1 വില്ലേജ് ഓഫീസിന് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് എന്ന അംഗീകാരം ലഭിച്ചിരുന്നു. ജില്ലയിലെ 132 വില്ലേജുകളില്‍ നിന്നാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് മികച്ച വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലം എംഎല്‍എയും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ട് മുഖേന ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, പ്രിന്റര്‍ തുടങ്ങിയവ ലഭ്യമാക്കി പൂര്‍ണമായും ഹൈടെക് ആയ ഓഫീസാണ് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസ്.