* മുമ്പത്തെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ ലഭ്യമാക്കും

* മുലപ്പാൽ മുതൽ എല്ലാമൊരുക്കി എറണാകുളം ജനറൽ ആശുപത്രി

ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് തുടർന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജനറൽ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. കുഞ്ഞിന്റെ മുമ്പത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിന്റെ തുക ആരോഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കുന്നതാണ്.

ആശുപത്രിയിലെ പീഡിയാട്രീഷ്യന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ന്യൂ ബോൺ കെയറിൽ പരിശീലനം നേടിയ നഴ്സ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എന്നിവരടങ്ങുന്ന സംഘമാണ് കുഞ്ഞിനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള കുഞ്ഞ് ഇപ്പോഴും ഓക്സിജൻ സപ്പോർട്ടിലാണ്. കുഞ്ഞിന് നിലവിൽ ഒരു കിലോ ഭാരമുണ്ട്. തലയിൽ ചെറിയ രക്തസ്രാവമുണ്ട്. ഓറൽ ആന്റിബയോട്ടിക് ചികിത്സ തുടരുന്നുണ്ട്. ഒരു മാസത്തോളം തീവ്ര പരിചരണം ആവശ്യമാണ്.

കുഞ്ഞിന് പ്രത്യേക കരുതലൊരുക്കണമെന്ന് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷായുടെ ഏകോപനത്തിൽ പീഡിയാട്രീഷ്യൻ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് കുഞ്ഞിന്റെ ചികിത്സാ മേൽനോട്ടം വഹിക്കും. ബന്ധുക്കളാരും ഇല്ലാത്തതിനാൽ കുഞ്ഞിന്റെ പ്രത്യേക പരിചരണത്തിന് ന്യൂബോൺ കെയറിലെ നഴ്സുമാരെ നിയോഗിച്ചു. കുഞ്ഞിന് മുലപ്പാൽ ബാങ്കിൽ നിന്നും മുലപ്പാൽ ലഭ്യമാക്കി വരുന്നു.

വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ദിവസവും കുഞ്ഞിനെ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വനിത ശിശുവികസന വകുപ്പിന്റെ കെയർ ടേക്കർമാരേയും നിയോഗിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.