‘റീതിങ്കിങ് പബ്ലിക് ഫിനാൻസ് ഫോർ എമർജിങ് ഡെവലപ്മെന്റ് ചാലഞ്ചസ്’ എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സും (എം.എസ്.ഇ) സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ പരിഹരിക്കുന്നതിനോടൊപ്പം കേരളത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും അതോടൊപ്പം മാനവ വികസന സൂചികകളിൽ നേടിയിട്ടുള്ള വളർച്ച നിലനിർത്തുന്നതുമായ വലിയ ദൗത്യമാണ് സംസ്ഥാനത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂലധനം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനോടൊപ്പം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തെ സ്പർശിക്കുന്ന വിധത്തിലായിരിക്കണം വികസന പ്രവർത്തനങ്ങൾ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ നികുതി വിഹിതം ആവശ്യപ്പെടുന്നതിൽ സംസ്ഥാനങ്ങൾ ഏതാണ്ട് ഏകകണ്ഠമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് ഇതുസംബന്ധിച്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളാണ് ചെലവിന്റെ 62.7% വഹിക്കുന്നത്. ഭരണഘടനാപരമായി അവർക്ക് നൽകിയിട്ടുള്ള പരിമിതമായ അധികാരങ്ങൾ കാരണം അവർ സമാഹരിക്കുന്ന വരുമാനം 37.6% മാത്രമാണ്. യൂണിയനിൽ നിന്നുള്ള നികുതി വിതരണത്തിന്റെ വിഹിതത്തിൽ തുടർച്ചയായി ഇടിവ് നേരിടുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ, ഈ പ്രവണത മാറ്റുന്നതിനായി 16-ാം ധനകാര്യ കമ്മീഷന്മുന്നിൽ ആവശ്യമായ നിർദ്ദേശങ്ങൾ വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന വെല്ലുവിളികളെ നേരിടാൻ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട രാഷ്ട്രവും സംസ്ഥാനങ്ങളും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലുള്ള അടിസ്ഥാന ജനാധിപത്യ സ്ഥാപനങ്ങളുടെ നന്നായി പ്രവർത്തിക്കുന്ന ഒരു ശൃംഖലയും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സമ്മേളനത്തിൽ വിവിധ സെഷനുകളിലെ പ്രഭാഷകരും, ഇതിൽ പങ്കെടുക്കുന്ന എല്ലാവരും വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വെല്ലുവിളികളും ഗൗരവമായി ചർച്ച ചെയ്യുമെന്നും, സമൂഹത്തിലെ എല്ലാവരിലേക്കും വികസനത്തിന്റെ ഫലങ്ങൾ എത്തിച്ചേരുന്ന തരത്തിൽ പൊതു ധനകാര്യ നയങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നുള്ള ഫലവത്തായ ചർച്ചകളിൽ ഏർപ്പെടുംമെന്നും പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ വികസന നേട്ടങ്ങൾ അസാധാരണമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആയുർദൈർഘ്യം, സാക്ഷരതാ നിരക്ക് തുടങ്ങിയ മാനവ വികസന സൂചകങ്ങളിൽ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. ഇതാണ് കേരള മോഡലിന്റെ കാതൽ. സാമൂഹിക സമത്വം, സുസ്ഥിര വളർച്ച എന്നിവയിൽ വേരൂന്നിയ ഒരു വികസന മാതൃകയാണിത്.
കോവിഡ് മഹാമാരിയുടെ സമയത്ത് വലിയ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും സംസ്ഥാനത്ത് ശക്തമായ ആരോഗ്യ സംവിധാനം, ഫലപ്രദമായ ക്രൈസിസ് മാനേജ്‌മെന്റ്, സാമൂഹിക സംരക്ഷണ സംവിധാനം എന്നിവ സംസ്ഥാന സർക്കാർ ഉറപ്പാക്കി. സാമ്പത്തിക രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു. മഹാമാരിയുടെ സമയത്ത് 4.57% ആയിരുന്ന നമ്മുടെ ധനക്കമ്മി 2023-24 ൽ 2.9% ആയി വിജയകരമായി കുറച്ചു. വികസന ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നമ്മുടെ സംസ്ഥാനത്തിന്റ വരുമാനം വർദ്ധിപ്പിച്ചും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയുമാണ് ഇത് നേടിയെടുക്കാൻ സാധിച്ചത്.
ഈ സമ്മേളനത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന ചർച്ചകളും ശുപാർശകളും കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്കാകെ പബ്ലിക് ഫിനാൻസ് മേഖലയിൽ അർത്ഥവത്തായ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഐ.സി.എസ്.എസ്.ആർ, ഫിസ്കൽ പോളിസി ഇൻസ്റ്റിറ്റ്യൂട്ട്, താപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കൂടാതെ കേരള ഇക്കണോമിക് അസോസിയേഷനും മാർച്ച് 18 മുതൽ 21 വരെ നടക്കുന്ന കോൺഫറൻസിന്റെ സംഘാടനത്തിൽ പങ്കാളികളാണ്. സംസ്ഥാന പ്ലാനിങ് ബോർഡ് മുൻ വൈസ് ചെയർപേഴ്സൺ കെ.എം. ചന്ദ്രശേഖർ, ഗിഫ്റ്റ് ഡയറക്ടർ കെ.ജെ. ജോസഫ്, എം.എസ്.ഇ ഡയറക്ടർ എൻ.ആർ ഭാനുമൂർത്തി, പ്രമുഖ സാമ്പത്തിക വിദഗ്ധൻ എം.എ ഉമ്മൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.