ലോക ക്ഷയരോഗ ദിനാചരണവും 100 ദിന കർമ്മ പരിപാടിയുടെ സമാപനവും 24ന് ഉച്ചയ്ക്ക് 12ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഹാളിൽ ആരോഗ്യവും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ സുരാജ് വെഞ്ഞാറമൂട് മുഖ്യാഥിതിയാകും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ. എൻ. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ പങ്കെടുക്കും.

ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 7 മുതൽ മാർച്ച് 17 വരെ നടത്തിയ  100 ദിന കർമ്മപരിപാടിയിൽ മാർച്ച് ആദ്യ ആഴ്ചവരെ 75 ശതമാനത്തിലധികം ആളുകളെ  സ്‌ക്രീനിംഗിനു വിധേയരാക്കി. കാമ്പയിനിൽ  1,98,101 പരിശോധനകൾ നടത്തിയത്തിൽ 5588 ക്ഷയരോഗബാധിതരെ പുതുതായി കണ്ടെത്തി.

2024 ൽ ആകെ 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബ്രോൺസ്, സിൽവർ കാറ്റഗറിയിൽ ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡിന് അർഹത നേടി. വയനാട്, ഇടുക്കി ജില്ലകളിലെ പകുതിയിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അർഹത നേടിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ.രാജാറാം കെ കെ അറിയിച്ചു.