‣ പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത്
‣ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ
‣ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് ഗർഭാശയഗള കാന്‍സര്‍ നിർമ്മാർജന വാക്സിൻ
മികവാർന്ന പ്രവർത്തനവുമായി കാസർകോട് ജില്ല പഞ്ചായത്ത് പദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാർഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, തുടങ്ങി എല്ലാ മേഖലയിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് ജില്ല പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ അനുവദിച്ച 22.10 കോടി രൂപയിൽ 21 കോടി രൂപയും ചിലവഴിച്ചു. പട്ടിക ജാതി വിഭാഗത്തിൽ അനുവദിച്ച 4.58 കോടി രൂപയിൽ 4.06 കോടിയും പട്ടിക വർഗ വിഭാഗത്തിൽ അനുവദിച്ച 4.67 കോടി രൂപ പൂർണ്ണമായും ചിലവഴിച്ചു. റോഡ് മെയ്‌ന്റനസ് ഫണ്ട് ഇനത്തിൽ ലഭിച്ച 7.68 കോടി രൂപയിൽ 7.44 കോടി രൂപയും. റോഡിതര മെയ്ന്റെനൻസ് ഇനത്തിൽ ലഭിച്ച 27.73 കോടി രൂപയിൽ 26.12 കോടി രൂപയും ധനകാര്യ കമ്മിഷൻ ഗ്രാൻഡിനത്തിൽ ലഭിച്ച തുകയിൽ 7.4 കോടി രൂപയും ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് ഈ നേട്ടം കരസ്തമാക്കിയത്.
ആരോഗ്യ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകിയത്. ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് വേണ്ടി ഗർഭാശയഗള കാന്‍സർ നിർമ്മാർജ്ജന വാക്സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ജില്ല അലോപ്പതി ആശുപത്രി, ജില്ല ഹോമിയോ ആശുപത്രി, പടന്നക്കാട് ഉള്ള ജില്ല ആയുർവേദ ആശുപത്രി എന്നിവ ജില്ല പഞ്ചായത്തിൻറെ നിയന്ത്രണത്തിലാണ്. ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പുറമേ അലോപ്പതി ആശുപത്രികളിൽ ആറൂ കോടിയിലധികം രൂപയുടെ മരുന്ന് വാങ്ങുന്നതിന് വേണ്ടിയുള്ള പദ്ധതികൾ, ആയുർവേദ ആശുപത്രിയിൽ കമ്പ്യൂട്ടർ സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ഹോമിയോ ആശുപത്രിയിൽ ഇ- ഓഫീസ് സൗകര്യം, ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഡയാലിസിസ് പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയുടെ സഹായം, ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ, കാന്‍സർ പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തു നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമേ കാന്‍സർ പരിശോധന മേഖലയിൽ വലിയൊരു സംഭാവന നൽകാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പടന്നക്കാട് ആയുർവേദ ആശുപത്രിയിൽ ഒന്നരക്കോടി ചെലവിട്ട് നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെൻറ് പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലാണ്.
വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം, ജില്ലാപഞ്ചായത്തിന് കൈമാറിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫർണിച്ചർ ലഭ്യമാക്കുന്ന പദ്ധതികൾ, കുട്ടികളുടെ പഠന മികവിനുള്ള പദ്ധതികൾ, കുട്ടികൾക്കുള്ള ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി രണ്ടരക്കോടിയുടെ ആർ. ഓ പ്ലാന്റുകൾ, സ്കൂളുകളിലെ വൈദ്യുതീകരണ പൂർത്തീകരണ പ്രവർത്തനങ്ങൾ, ഡൈനിങ് ഹാളുകളുടെ നിർമ്മാണം, സ്കൂൾ കളി സ്ഥലങ്ങളുടെ നവീകരണവും നിർമ്മാണവും,ടോയ്ലറ്റ്, യൂറിനൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കൽ , എല്ലാ സ്കൂളുകളിലും റിങ് കമ്പോസ്റ്റ്,എന്നിവ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. ശാരീരിക മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്ക് 75 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ജില്ല പഞ്ചായത്ത് നൽകിയിട്ടുണ്ട്.
കാർഷിക മേഖലയിൽ ഫാമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ, തെങ്ങ് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജലസേചന തോടുകളുടെ അറ്റകുറ്റപ്പണികൾ, വി .സി .ബി നിർമ്മാണം, കുളങ്ങളുടെ നവീകരണം എന്നീ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയിൽ എ.ബി.സി സെൻററുകളുടെ നിർമ്മാണം, പൂർത്തീകരണം, ക്ഷീര വികസനത്തിനായി ക്ഷീര സംഘങ്ങൾക്ക് 80 ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്, പാൽവില സബ്സിഡി ഇനത്തിൽ ക്ഷീരകർഷകർക്ക് 75 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്. വ്യവസായ മേഖലയിൽ ചെറുകിട സംരംഭങ്ങൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയൂള്ള പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപയുടെ പദ്ധതി, ഇൻവെസ്റ്റേഴ്സ് മീറ്റ്, ഖൽബിലെ ബേക്കൽ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി.
പശ്ചാത്തല മേഖലയിൽ അടിസ്ഥാനസൗകാര്യം മെച്ചപ്പെടുത്തൽ, ജില്ലാ പഞ്ചായത്ത് റോഡുകൾ പൂർണ്ണമായും ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ, ഗ്രാമപഞ്ചായത്തുകളുമായി സംയോജിച്ച് ഗ്രാമീണറോഡുകളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം കൊടുത്തു.
കാസർകോട് വികസന പാക്കേജുമായി സഹകരിച്ച് 31 അംഗൻവാടികളുടെ നിർമ്മാണം നടപ്പ് വർഷം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ നീതി മേഖലയിൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കി, എച്ച്ഐവി ബാധിതരക്കുള്ള പോഷകാഹാര പദ്ധതികൾ, വനിതാ വികസന മേഖലയിൽ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി ഷി – ജിം പദ്ധതി, സ്വയംതൊഴിൽ സംരംഭങ്ങൾ,കേരള സർക്കാരിൻറെ ലൈഫ് ഭവന പദ്ധതിക്ക് എട്ടു കോടി രൂപയുടെ ധനസഹായം, പഞ്ചായത്തുകളിലെ ഹാപ്പിനസ് പാർക്ക്, വയോജന പാർക്ക് എന്നിവയ്ക്കായി 40 ലക്ഷം രൂപ വകയിരുത്തി.
കുട്ടികളുടെ ക്ഷേമം മുൻനിർത്തി ചിൽഡ്രൻസ് പാർക്കിന് ആവശ്യമായ വിഹിതം, മത്സ്യബന്ധന മേഖലയിൽ ഉൽപാദന വർദ്ധനവിനായി ആവശ്യമായ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്.
പട്ടികജാതി പട്ടിക വികസന മേഖലയിൽ കോളനികളെ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ, അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് നൈപുണ്യ മേഖലയിൽ പരിശീലനം ലഭ്യമാക്കാൻ ഒന്നേകാൽ കോടി രൂപയുടെ പ്രവർത്തനങ്ങൾ, ലൈബ്രറികൾക്ക് ഫർണിച്ചറുകൾ, സാമൂഹ്യ സാംസ്കാരിക രംഗത്ത് സമം പദ്ധതിയിലൂടെ 10 ലക്ഷം വരുന്ന സമം അവാർഡുകൾ, ബേക്കൽ ബീച്ച് ഫെസ്റ്റിലൂടെ ടൂറിസം, വ്യവസായ മേഖലയിൽ പുത്തൻ ഉണർവ്, ദാരിദ്ര്യം നിർമ്മാർജന മേഖലയിലെ പ്രവർത്തനങ്ങൾ, ബഡ്സ് സ്കൂളുകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ദർപ്പണം പദ്ധതിയിലൂടെ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഫീസ്, മാലിന്യ സംസ്കരണ മേഖലയിൽ കാറടുക്ക ബ്ലോക്കിൽ ആർ ആർ എഫ് വിഹിതം 20 ലക്ഷം രൂപ, കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിനായി 25 ലക്ഷം രൂപ, ടീ ബ്രേക്ക് പദ്ധതിക്കായി 25 ലക്ഷം രൂപ എന്നിവ ജില്ലാ പഞ്ചായത്തിൻറെ പദ്ധതികളിൽപ്പെടുന്നു. 38 ഗ്രാമപഞ്ചായത്തുകളിലായി മികച്ച രീതിയിൽ ജല ബജറ്റ് നടപ്പാക്കിയിട്ടുണ്ട്.ഈ കാലയളവിൽ തന്നെ ജില്ലാ പഞ്ചായത്തിൻറെ പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
ഉൽപാദനം, സേവനം, പശ്ചാത്തല, പട്ടികജാതി പട്ടികവർഗ്ഗ വികസനം തുടങ്ങി എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമായി കൈകോർത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷം പൂർത്തീകരിക്കാൻ ജില്ലാ പഞ്ചായത്തിന് സാധിച്ചു. ഈ മികവിനുള്ള അംഗീകാരമാണ് ജില്ലാ പഞ്ചായത്തിന് തേടി എത്തിയിരിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു.