*പ്രവേശനോത്സവം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ്  ജവഹർ ബാലഭവൻ നടത്തുന്നത് പോലെയുള്ള അവധിക്കാല കൂട്ടായ്മകളിലൂടെ സാമൂഹ്യ അന്തരീക്ഷത്തിലെ പലവിധ പൊതുവിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക്   ശരിതെറ്റുകൾ മനസ്സിലാക്കാൻ  കഴിയുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കേണ്ടതെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മാറി ശാസ്ത്രബോധത്തെ സംബന്ധിച്ചും യുക്തിചിന്തയെ സംബന്ധിച്ചുമെല്ലാം കുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിയുന്ന വിഷയങ്ങൾ ആണ് ഈ അവധിക്കാല ക്ലാസുകളിൽ  ഉൾപ്പെടുത്തിയിരിക്കുന്നതായി മനസ്സിലാക്കുന്നത്. കുട്ടികൾക്ക് പല മേഖലകളിലെയും പ്രമുഖരുമായി മുഖാമുഖം സംവദിക്കാൻ കഴിയുന്ന സാഹചര്യം  ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കുട്ടികളുടെ  വ്യക്തിത്വ വികസനത്തിൽ  ഇത്തരം അവധിക്കാല കൂട്ടായ്മകൾ സഹായിക്കും. അത് നന്നായി പ്രയോജനപ്പെടുത്താൻ രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും കഴിയണമെന്നു മന്ത്രി പറഞ്ഞു.

മുൻകാലങ്ങളെ അപേക്ഷിച്ച് എത്രയോ അധികം അറിവും  കഴിവും ഉള്ളവരാണ് പുതിയ തലമുറ. ഓരോ തലമുറ കഴിയുമ്പോഴും അവരുടെ അറിവ് കൂടുതൽ മെച്ചപ്പെടുന്ന ഒരു സാഹചര്യമാണ് ലോകത്തുള്ളത്. പാഠപുസ്തകങ്ങളിൽ  നിന്ന് പഠിച്ചിരുന്ന സ്ഥാനത്തു നിന്ന് കൈവിരല്തുമ്പിൽ ലോകത്തെ കാണാനും അറിയാനും മനസ്സിലാക്കാനും കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മുടെ പുതിയ തലമുറ വളരുന്നത്. അതിന്റെ നല്ല വശങ്ങൾ പഠിക്കാൻ വേണ്ടിയാണു പുതുതലമുറയിൽ മഹാഭൂരിപക്ഷവും ശ്രമിക്കുന്നത്. പക്ഷേ യുവജനങ്ങളിൽ  അപൂർവം ചിലർ വഴി മാറി തെറ്റായ ദിശയിലും സഞ്ചരിക്കുന്നു. അങ്ങനെയുള്ള പ്രവണതകൾ തിരുത്താനുള്ള  വല്യ പരിശ്രമം കേരളത്തിൽ സർക്കാർ തന്നെ മുൻകൈ എടുത്തു മുന്നോട്ടു പോകുന്ന ഒരു കാലഘട്ടമാണിതെന്നു മന്ത്രി പറഞ്ഞു. ജവഹർ ബാലഭവന്റെ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തെ മറ്റു പല സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടു മാസക്കാലത്തെ ക്ലാസുകളിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജോൺ ബ്രിട്ടാസ് എം.പി, മുൻ എം.പി എ. സമ്പത്ത്, സാസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ ദിവ്യ എസ്. അയ്യർ, കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി, ചലച്ചിത്ര നടി വിന്ദുജ മേനോൻ, സൈക്യാട്രിസ്റ്റ് അരുൺ ബി. നായർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു എന്നിവർ കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും. വയോജന സദസ്, പാരന്റ്‌സ് ഡേ, ഫുഡ് ഫെസ്റ്റ്, ടോയ് ഫെസ്റ്റ്, ബാലസാഹിത്യ പുസ്തകമേള എന്നീ പരിപാടികളും ഉണ്ടായിരിക്കും.

ജവഹർ ബാലഭവൻ  ചെയർമാൻ അഡ്വ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ  ചലച്ചിത്ര താരവും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ബാലഭവൻ എക്‌സിക്യൂട്ടീവ് ഓഫീസർ  ഒ.കെ. രാജൻ, ബാലഭവൻ  പ്രിൻസിപ്പൽ-ഇൻ-ചാർജ് വി.കെ. നിർമ്മലകുമാരി  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2ന് ആരംഭിക്കും. കൂടുതൽവിവരങ്ങൾക്ക് ഫോൺ : 2316477/ 8590774386.