പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണെന്നും ഇതിനായി പൊതു സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും തായ് വേരറുത്ത് വരും തലമുറകളെ കൊടും വിപത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്.
മയക്കുമരുന്നുൾപ്പെടെയുള്ള മാരക ലഹരികൾ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയർത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു. അതിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്‌നങ്ങൾ, കുറ്റവാസന, ആത്മഹത്യ എന്നിവ വർദ്ധിച്ചുവരുന്നു.
കേരളത്തിൽ കൂടുതൽ കാണപ്പെടുന്ന ലഹരി വസ്തുക്കളിൽ കഞ്ചാവ്, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, സിന്തറ്റിക് മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വർദ്ധന സാഹചര്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവൽക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേർന്നിരുന്നു. വിവിധ വകുപ്പുകൾ തങ്ങൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളും തുടർന്ന്‌ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും യോഗത്തിൽ വിശദമായി അവതരിപ്പിച്ചു. പോലീസ്, എക്‌സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, പട്ടികജാതി – പട്ടിക വർഗം, ആരോഗ്യം, കായികം, സാംസ്‌കാരികം യുവജനക്ഷേമം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇന്ന് ചർച്ചചെയ്ത നിർദ്ദേശങ്ങൾ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേർത്ത് വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകും. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 16ന് വിവിധ മതമേലധ്യക്ഷന്മാ രുടെ യോഗവും 17ന് സർവകക്ഷിയോഗവും വിളിച്ചുചേർക്കും.
വിപണനവും സംഭരണവും ഉപയോഗവും തടയാൻ ഓപ്പറേഷൻ ഡിഹണ്ട് എന്ന കർമ്മപദ്ധതികേരള പോലീസ് നടപ്പാക്കുകയാണ്. ഡിഹണ്ട്‌ഡ്രൈവിനു സഹായകരമായ ഇൻറലിജൻസ് ഇൻപുട്ട് നൽകുന്നതിനായി ഡ്രഗ് ഇൻറലിജൻസ് (ഡി ഇൻറ്) എന്ന സംവിധാനം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞഫെബ്രുവരി 22 മുതൽ ഏപ്രിൽ 4 വരെയുള്ള ചുരുങ്ങിയ കാലയളവിൽ മാത്രം 2503 സോഴ്‌സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറുകയും ചെയ്തു.
സംസ്ഥാനതലത്തിൽ കേരള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (KANSAF) വേർതിരിക്കുന്നു. എല്ലാ ജില്ലകളിലും ജില്ലാപോലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ആൻറി നാർക്കോട്ടിക് സെല്ലുകൾ ഉണ്ട്. (DANSAF) അതിനു പുറമെ ലോക്കൽ പോലീസും ശക്തമായ പരിശോധനകളും റെയ്ഡുകളും നടത്തുന്നു. ലഹരി വസ്തുക്കളുടെ ഉത്പാദനം, വിതരണ, കടത്തിക്കൊണ്ട് പോകൽ, സംഭരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി 2024 ൽ സംസ്ഥാനത്താകെ 27,578 കേസുകൾ രജിസ്റ്റർ ചെയ്തു. 29889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. 2025ൽ മാർച്ച് 31 വരെ 12760 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകൾ പിടിച്ചു.
സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈംകേസുകളിൽപ്പെട്ട ആൾക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതിൽ 97 പേർക്കെതിരെ നടപടി എടുത്തിട്ടുണ്ട്.
കേരളത്തിലെ മയക്കു മരുന്ന് കേസുകളുമായി ബന്ധപ്പെട്ടു മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 236.64 ഗ്രാം എംഡിഎംഎ, 562 കിലോ ഗ്രാം കഞ്ചാവും ഉൾപ്പെടെ 34 കോടി രൂപയുടെ മയക്കുമരുന്നു പിടിച്ചെടുത്തു. 2024, 2025 വർഷത്തിൽ ദീർഘദൂര ട്രെയിനുകളിൽ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്ത് 64 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1.5 കോടി രൂപയുടെ മയക്കു മരുന്നുപിടിച്ചെുത്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘങ്ങളെ പിടികൂടാൻ DANSAF ടീം സജീവമായി ഇടപെടുന്നുണ്ട്. 180 കേസുകളിലായി 251 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2024 വർഷത്തിൽ 65 കേസുകളിലായി 88 പ്രതികളുടെയും 2025 വർഷത്തിൽ 32 കേസുകളിലായി 39 പ്രതികളുടെയും സ്ഥാവരജംഗമ വസ്തുക്കൾ കണ്ടെടുക്കുകയും ജപ്തി ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള മയക്കു മരുന്നിന്റെ ഒഴുക്ക് തടയാൻ പ്രതിരോധത്തിന്റെ കവചം തീർക്കേണ്ടതുണ്ട്. അതിനായി അശ്രാന്തപരിശ്രമത്തിലാണ് കേരള പോലീസ്. വിദേശികൾ ഉൾപ്പെട്ട കേസിൽ അതാതു രാജ്യങ്ങളിലെ എംബസികളുമായി ചേർന്ന് അന്വേഷണവും നിയമ നടപടികളും കാര്യക്ഷമമായി കൊണ്ടുപോകാൻ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. അന്തർ സംസ്ഥാന മയക്കുമരുന്നു റാക്കറ്റുകളെ കണ്ടെത്തുന്നതിലും പോലീസ് മികവു കാണിക്കുന്നു. ഹൈദരാബാദിലെ വൻകിട മയക്കു മരുന്നു നിർമ്മാണശാല കേരള പോലീസിന്റെനേതൃത്വത്തിൽ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ്‌ചെയ്ത സംഭവം ദേശീയ ശ്രദ്ധ നേടുകയുണ്ടായി.
എക്‌സൈസ് സേനയും ശക്തമായ പ്രതിരോധം ഉയർത്തുകയാണ്. ഈ മാർച്ച് മാസത്തിൽ എക്‌സൈസ് സേന ആകെ എടുത്തത് കേസുകൾ 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്നുള്ളതുൾപ്പെടെ 13639റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്.
അബ്കാരി കേസുകളിൽ 66ഉം മയക്കുമരുന്ന്‌കേസുകളിൽ 67ഉം വാഹനങ്ങൾ പിടിച്ചു. അബ്കാരി കേസുകളിൽ പ്രതിചേർത്ത 1580 പേരിൽ 1501 പേരെയും, മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത 1358 പേരിൽ 1316പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം നടത്തി സംയുക്ത ആക്ഷൻ പ്ലാൻ ചെയ്തു. സ്‌കൂൾ – കോളേജ് പരിസരങ്ങൾ, ഡി.ജെ പാർട്ടി നടക്കുന്ന സ്ഥലങ്ങൾ, ടർഫുകൾ, യുവാക്കളുടെയും മറ്റും ഒത്തുചേരൽ നടക്കുന്ന സ്ഥലങ്ങൾ, ലേബർ ക്യാമ്പുകൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, കോളേജ് ഹോസ്റ്റലുകൾ, തട്ടുകടകൾ എന്നീ സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തുകയാണ്. മയക്കുമരുന്ന്‌കേസുകളിൽ പെട്ടവരുടെ പട്ടിക പരസ്പരം കൈമാറുന്നുമുണ്ട്.
എല്ലാ ജില്ലകളിലും സ്റ്റേഷൻ തലത്തിൽ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പുകൾ (SOGs) രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിനായി 4469 സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്‌കൂൾ തലത്തിലും 1776 ആൻറി നാർകോട്ടിക് ക്ലബ്ബുകൾ കോളേജ് തലത്തിലും രൂപീകരിച്ചിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള യുദ്ധം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നു തന്നെയാണ്. രക്ഷിതാക്കൾക്ക് ലഹരിയെ കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അവബോധം നല്‌കേണ്ടത് അത്യന്താപേക്ഷിതമാണ്. ‘ജീവിതമാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി കേരള പോലീസിന്റെ നേതൃത്വത്തിൽ ഇതിനാവശ്യമായ ക്യാമ്പെയ്ൻ നടത്തുകയാണ്.
ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ബഹുമുഖ സമീപനമാണ് സ്വീകരിക്കുക. ലഹരി രഹിത കേരളത്തിനായി ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സാമൂഹികരാഷ്ട്രീയ പ്രവർത്തകർ, വിദ്യാർത്ഥി- യുവജന സംഘടനകൾ എന്നിവരുൾപ്പെട്ട സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുടെ കൂട്ടായ്മ രൂപപ്പെടുത്തും. അതിലൂടെ നിരന്തരമായ ബോധവൽക്കരണ പരിപാടികളും സാമൂഹിക ഇടപെടലുകളും സാധ്യമാക്കും.
എക്‌സൈസ് വകുപ്പു നേതൃത്വം നൽകി വരുന്ന വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണത്തിനായി ലഹരി വിമുക്ത ക്ലാസുകൾ, വിമുക്തിസ്‌പോർട്‌സ് ടീം, ഉണർവ് പദ്ധതി, ശ്രദ്ധ, നേർകൂട്ടം കമ്മിറ്റി, ബാല്യം അമൂല്യം പദ്ധതി, നേർവഴി പദ്ധതി, ലഹരി വിമുക്ത വിദ്യാലയം, പെൺകുട്ടികൾക്ക് സ്വയം രക്ഷാ പരിശീലനം, ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഊർജ്ജിതമായി തുടരും. സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ, NSS,SPC,NCC,ORC,HOPE തുടങ്ങിയ സംവിധാനങ്ങൾ, കുടുംബശ്രീ. പിടിഎ, റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പോലീസ് ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.
ലഹരിവിപത്തിനെതിരെ പ്രതിരോധം ഉയർത്താൻ പൊതുസമൂഹമാകെ സ്വയം മുന്നിട്ടിറങ്ങുന്നത് ആവേശം പകരുന്ന കാര്യമാണ്. മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് അതിന്റെ ഭാഗമായി നടക്കുന്നത്. ഇടുക്കി വണ്ടന്മേട് എം.ഇ.എസ് സ്‌കൂളിലെ അധ്യാപിക വിരമിച്ച ചടങ്ങിൽ ലഹരിക്കെതിരെ കുട്ടികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയുണ്ടായി. കുട്ടികൾക്കിടയിൽ ലഹരിക്കെതിരെ അവബോധം സ്ഥിരമായി നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനം പകരും. കൊണ്ടോട്ടിയിലെ ചിറയിൽ വാർഡിൽ മയക്കുമരുന്നുപയോഗവും വിപണനവും റിപ്പോർട്ട് ചെയ്യാൻ എ. ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ സംവിധാനം തദ്ദേശീയമായി വികസിപ്പിച്ചത് മറ്റൊരു മാതൃകയായി. നിരവധി മാധ്യമങ്ങളും ലഹരിവിരുദ്ധ ക്യാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിന്റെ മുൻനിരയിൽ തന്നെയുണ്ട്. നാടിന്റെ നന്മയ്ക്കായി തങ്ങളുടെ അറിവും അദ്ധ്വാനവും മാറ്റി വയ്ക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്കു പ്രചോദനം പകരും.
പൊതുജനങ്ങൾക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നൽകുന്നതിനായി ടോൾ ഫ്രീ നമ്പരായ നാഷണൽ നർകോട്ടിക്‌സ് ഹെല്പ് ലൈൻ 1933 നമ്പറും എഡിജിപി എൽ & ഓയുടെ ഓഫീസിൽ പ്രവർത്തിച്ചുവരുന്ന ആൻറി നാർകോട്ടിക് സെൽ വിഭാഗത്തിന്റെ 9497979794, 9497927797 നമ്പരുകളും, കേരളാ പോലീസ് ആരംഭിച്ച ?യോദ്ധാവ്? എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്‌സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണ്. 2025 മാർച്ച് മാസത്തിൽ മാത്രം 1157 ഫോൺ കോളുകൾ യോദ്ധാവ് നമ്പരിലേയ്ക്കും 3865 കോളുകൾ ആൻറി ഡ്രഗ് കണ്ട്രോൾ റൂമിലും ലഭിച്ചു.
2024, 2025 വർഷങ്ങളിൽ 18 വയസിന് താഴെയുള്ള 804 പേർക്കും 3566 മുതിർന്നവർക്കും കൗൺസലിംഗ് നൽകുകയും 18 വയസിന് താഴെയുള്ള 19 പേർക്കും 790 മുതിർന്നവർക്കും മയക്കുമരുന്നിൽ നിന്ന് വിമുക്തി നേടുന്നതിനുള്ള ചികിത്സ നൽകുകയും ചെയ്തിട്ടുണ്ട്.
ലഹരിമോചന ചികിത്സ നൽകുന്നതിന് 14 ജില്ലകളിലും വിമുക്തി ഡീ അഡിക്ഷൻ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ/താലൂക്ക് ആശുപത്രിയോടനുബന്ധിച്ചാണ് ഈ സെൻററുകൾ. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി അഡിക്ഷൻ സെൻററിലും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ വിമുക്തി ഡീ അഡിക്ഷൻ സെൻററിലും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ലഹരിമോചന ചികിത്സക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡീ അഡിക്ഷൻ സെൻററുകൾ വഴി 2018 മുതൽ ഇതുവരെ ഐ.പി യിൽ 140479പേരും ഒ.പി യിൽ 11277 പേരും ചികിത്സ തേടി.
ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലവും ശക്തവും ആക്കാൻ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന സർക്കാർ. അക്രമാസക്തരായ ആളുകളെ താമസിപ്പിക്കാനുള്ള ഡി- അഡിക്ഷൻ സെന്ററുകൾ ജില്ലയിൽ ഒരു കേന്ദ്രത്തിലെങ്കിലും തുടങ്ങും. ലഹരികളുടെ പിടിയിൽ നിന്നും യുവതലമുറയെ സംരക്ഷിക്കാനും നാടിന്റെ സമാധാനവും സന്തോഷവും ഉറപ്പു വരുത്താനും നമ്മളേവരും ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. ഇതൊരു വലിയ യുദ്ധമാണ്. നാടൊന്നാകെ തോളോടു തോൾ ചേരേണ്ട സമരം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകാനും ലഹരിവിമുക്ത കേരളം പടുത്തുയർത്തണം. യോജിച്ച പ്രവർത്തനത്തിലൂടെ നമുക്കീ ലക്ഷ്യം കൈവരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.