വേനൽ ചൂടിന്റെ തീവ്രതയേറുന്ന സാഹചര്യത്തിൽ ഉഷ്ണ തരംഗ സാധ്യത ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടക്ക് വേനൽ മഴ ലഭിച്ചെങ്കിലും ചൂടിന്റെ ആധിക്യത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഉഷ്ണതരംഗം നേരിടുന്നതിന്റെ ഭാഗമായി ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും പൊതുസ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന 11 മണി മുതൽ 3 മണി വരെ തണലുള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിശ്രമത്തിനായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 1,444 കേസുകളാണ് ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം ഇതിനോടകം 156 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ കൂടുതലും പാലക്കാട് ജില്ലയിലാണ്. അതുകൊണ്ട് പാലക്കാട്, കാസർഗോഡ് ജില്ലകളിൽ താപനില കൃത്യമായി മോണിറ്റർ ചെയ്തുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.

ചൂട് വർധിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും തൊഴിലിടങ്ങളിൽ ഒരുക്കണം. പഠനപിന്തുണ പരിപാടിയുമായി ബന്ധപ്പെട്ട് ഈ സമയത്ത് സ്‌കൂളുകളിൽ നടക്കുന്ന ക്ലാസുകൾ കഴിവതും ഉച്ചയ്ക്ക് മുൻപ് അവസാനിപ്പിക്കണം. സ്‌കൂളുകളിൽ കൃത്യമായ ഇടവേളകളിൽവെള്ളം കുടിക്കുന്നതിനായി ‘വാട്ടർബെൽ’ സംവിധാനം തുടർന്നു വരുന്നുണ്ട്.

ഉഷ്ണകാലത്ത് വന്യജീവികൾക്ക് കാട്ടിനുള്ളിൽ ആവശ്യത്തിന് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വിസ്റ്റാ ക്ലിയറൻസും കുളം, പുൽത്തകിടി എന്നിവയുടെ നവീകരണവും നടപ്പിലാക്കും. വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ നടും.

വളർത്തുമൃഗങ്ങളുടെ കൂടിന് മുകളിൽ ഇലകൾ ഇട്ടുമുടിയും ഇടയ്ക്കിടയ്ക്ക് വെള്ളം സ്‌പ്രേചെയ്തും അവയെ ചൂടിൽ നിന്ന് സംരക്ഷിക്കാവുന്നതാണ്. പകൽ ചൂടു കൂടുതലുള്ള സമയത്ത് മൃഗങ്ങളെ മേയാൻ വിടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.