എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി. 70 ലക്ഷം (69,92,537) നൽകുകയാണ് ലക്ഷ്യം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായായി വിഹിതം വഹിയ്ക്കുന്ന പദ്ധതി ജലവിഭവ വകുപ്പ് ഇതു വരെ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ 65 ശതമാനത്തിലധികം ലക്ഷ്യംകൈവരിച്ചു കഴിഞ്ഞു.

2020 ഏപ്രിൽ 1 ലെ കണക്ക് അനുസരിച്ച് 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 17.49 ലക്ഷം വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് 38 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വകുപ്പിന് സാധിച്ചു. 115 പഞ്ചായത്തുകളും ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും 100 ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ചു.
നഗരങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാൻ കിഫ്ബി ധനസഹായത്തോടെ നാളിതുവരെ 5399.608 കോടി രൂപയുടെ 77 പദ്ധതികൾക്ക് അനുമതി ലഭിച്ചു. 4969.375 കോടി രൂപയുടെ 66 കുടിവെള്ള പദ്ധതികളും 430.233 കോടി രൂപയുടെ 11 സർക്കിളുകൾക്ക് കീഴിലായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നു. അമൃത് 1.0 പദ്ധതിയിലുൾപ്പെടുത്തി ഒന്നാം ഘട്ടത്തിൽ ഒൻപത് നഗരങ്ങൾക്കായി 1081 കോടി രൂപയുടെ 184 ജല വിതരണ പദ്ധതികളും അമൃത് 2.0 രണ്ട് ഘട്ടങ്ങളിലായി 38 പ്രവൃത്തികളും പൂർത്തിയാക്കി അമൃത് 3.0യിലേക്ക് സംസ്ഥാനം കടന്നിരിക്കുകയാണ്.
വെൽ സെൻസെസ് വഴി സംസ്ഥാനത്തെ മുഴുവൻ കിണറുകൾ, കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസ്സുകളുടെയും സ്ഥാനം, തരം,ആഴം, ജല ലഭ്യത, ഉപയോഗം മണ്ണിന്റെ ഘടന തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഈ വെൽ സെൻസസ് പൂർത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജല വിഭവ ശേഷി മനസ്സിലാകാനും വരൾച്ച സാധ്യതാ മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും വരൾച്ചാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലജന്യ രോഗങ്ങൾ തടയാനും സാധിക്കും. കേരളം ജലത്തിൻ്റെ കാര്യത്തിൽ സ്വയംപര്യാപ്തതയും ദീർഘകാല ദൃശ്യവീക്ഷണവുമുള്ള ഒരു മാതൃകാ സംസ്ഥാനമായി മാറുകയാണ്.
കരുത്തോടെ കേരളം – 13