കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഒക്ടോബര്‍ 16 മുതല്‍ 19 വരെ ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (TIFF) ഒക്ടോബർ 16 വ്യാഴാഴ്ച തിരിതെളിയുമെന്ന് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ പ്രദര്‍ശിപ്പിക്കും.

ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനാ റാണി, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനും സംവിധായകനുമായ കെ.മധു, നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സ്‌നേഹ എം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന ചിത്രം
ഉദ്ഘാടന ചിത്രമായ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് (പ്രഭയായ് നിനച്ചെതല്ലാം) പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ വൈകാരികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങള്‍ വേഷമിടുന്നു. 29ാമത് ഐ.എഫ്.എഫ്.കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയയ്ക്ക് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ്, 1994ലെ സ്വം എന്ന ചിത്രത്തിനുശേഷം കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’. ഷിക്കാഗോ, സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളകളിലും ഈ സിനിമ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 115 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

മുഖ്യ ആകര്‍ഷണങ്ങള്‍
കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 55 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമാ വിഭാഗത്തില്‍നിന്നുള്ള 12 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍നിന്നുള്ള 5 ചിത്രങ്ങള്‍, 12 മലയാള ചിത്രങ്ങള്‍, 7 ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്‌കോപ്പ്, ഫിമേയ്ല്‍ ഗേസ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, അര്‍മീനിയന്‍ ഫോക്കസ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഓരോ ചിത്രങ്ങള്‍ എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാന്‍ ഫെസ്റ്റിവലില്‍ പാംദോര്‍ ലഭിച്ച ‘അനോറ’, കാന്‍ മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളും ലഭിച്ച ‘എമിലിയ പെരസ്’, വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ ലഭിച്ച ‘ദ റൂം നെക്സ്റ്റ്‌ഡോര്‍’, കാനില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ ‘ദ സബ്സ്റ്റന്‍സ്’, വെനീസ് മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ വാള്‍ട്ടര്‍ സാലസിന്റെ ‘ഐ ആം സ്റ്റില്‍ ഹിയര്‍’, ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം ലഭിച്ച ബ്രസീലിയന്‍ ചിത്രമായ ‘മാലു’, രജതചകോരം ലഭിച്ച ‘മി മറിയം ദ ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്’, നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച ‘ഹൈപ്പര്‍ബോറിയന്‍സ്’, പ്രേക്ഷക പുരസ്‌കാരം, നെറ്റ്പാക് പുരസ്‌കാരം, ജൂറി പ്രൈസ് എന്നിവ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’, മികച്ച നവാഗത സംവിധായകപ്രതിഭയ്ക്കുള്ള എഫ് എഫ് എസ് ഐ അവാര്‍ഡ് ഇന്ദുലക്ഷ്മിക്ക് നേടിക്കൊടുത്ത ‘അപ്പുറം’ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് തിയേറ്ററുകളിലും ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. 1500 ഓളം ഡെലിഗേറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്.

എം.ടി എക്‌സിബിഷന്‍
മേളയുടെ ഭാഗമായി എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ‘കാലം’: മായാചിത്രങ്ങള്‍’ എന്ന ഫോട്ടോ എക്‌സിബിഷന്‍ ലിബര്‍ട്ടി തിയേറ്റര്‍ പരിസരത്ത് ഒരുക്കിയപവലിയനില്‍ സംഘടിപ്പിക്കും. എക്‌സിബിഷനില്‍ എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് ക്യുറേറ്റര്‍. മഞ്ഞ്, താഴ്വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്‍, പരിണയം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം.ടിയുടെ ചിത്രങ്ങള്‍, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്‌നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകള്‍ തുടങ്ങിയ എം.ടിച്ചിത്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ എക്‌സിബിഷനില്‍ ഉണ്ടായിരിക്കും.

ഓപ്പണ്‍ഫോറം, കലാപരിപാടികള്‍
ലിബര്‍ട്ടി തിയേറ്റര്‍ പരിസരത്ത് ഒരുക്കിയ പവലിയനില്‍ ഒക്ടോബര്‍ 17,18 തീയതികളില്‍ ഓപ്പണ്‍ ഫോറം ഉണ്ടായിരിക്കും. ചലച്ചിത്രപ്രവര്‍ത്തകരും ഡെലിഗേറ്റുകളും സിനിമയിലെ സമകാലിക പ്രവണതകളെക്കുറിച്ചുള്ള ആശയസംവാദങ്ങളില്‍ പങ്കെടുക്കും. ഒക്ടോബര്‍ 17,18 തീയതികളില്‍ തലശ്ശേരി ജവഹര്‍ഘട്ടില്‍ കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 17 ന് വൈകിട്ട് 6.30ന് രാഗവല്ലി ബാന്‍ഡും 18ന് വൈകിട്ട് മദ്രാസ് മെയില്‍ ബാന്‍ഡും സംഗീതപരിപാടികള്‍ അവതരിപ്പിക്കും.
തലശ്ശേരി പേൾ വ്യൂ റീജൻസിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവൽ എച്ച്. ഷാജി, പ്രദീപ് ചൊക്ലി, അർജുൻ എസ് കെ, സുരാജ് ചിറക്കര എന്നിവർ പങ്കെടുത്തു