വീയപുരം പഞ്ചായത്തിൽ കുടിവെള്ളത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതായി തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കാരിച്ചാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് വിളിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

നെൽവിത്ത് വിലയ്ക്കും കൂലിച്ചെലവ് സബ്സിഡിയ്ക്കുമായി പഞ്ചായത്ത് 69.82 ലക്ഷം രൂപ ചെലവഴിച്ചതായും മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികൾക്കായി 55.37 ലക്ഷം രൂപ ചെലവഴിച്ചതായും സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതിദാരിദ്ര്യ നിർമാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 24 ഗുണഭോക്താക്കളെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കിയതായും പഞ്ചായത്തില്‍ 2115 പേർക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷത്തിൽ 16.5 കോടി രൂപ ഇതിനായി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ സുരേന്ദ്രൻ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു.

സദസ്സില്‍ വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ ആർ രഞ്ജിത്ത് സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സിന്ധു ബാലകൃഷ്ണൻ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു.

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ജില്ലാ പഞ്ചായത്ത് അംഗം എ ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ പ്രസാദ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ഡി ശ്യാമള, പഞ്ചായത്ത് സ്ഥിരം സമിതി അംഗം എൻ ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ പ്രീത ബിനീഷ്, ജിറ്റു കുര്യൻ എബ്രഹാം, ബി സുമതി, ജഗേഷ്, സിഡിഎസ് ചെയർപേഴ്സൺ സുലേഖ സാദിഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സൈമൺ എബ്രഹാം, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.