ചമ്പക്കുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ 76 വീടുകൾ പൂർത്തീകരിച്ചു നൽകിയതായും 44 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായും വികസന സദസ്സ്. തെക്കേക്കര സെൻ്റ് ജോൺസ് പാരിഷ് ഹാളിൽ നടന്ന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഞ്ച് അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകി പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതായും പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്ക് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുന്നതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി 13 മിനി എംസിഎഫുകളും അഞ്ച് ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. ഹരിത കർമ്മ സേനയ്ക്ക് 13 ട്രോളികളും ഒരു വാഹനവും നൽകി. ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് മന്ദിരം, ഹോമിയോ ഡിസ്പെൻസറി കെട്ടിടം, ഹൈടെക് അങ്കണവാടി, റോഡുകൾ, മഴവെള്ള സംഭരണി, പുറംബണ്ട് നിർമ്മാണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയതെന്നും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സദസ്സില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി ജി ജലജകുമാരി അധ്യക്ഷയായി. റിസോഴ്‌സ് പേഴ്‌സൺ എ ഭാമദേവി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി പി കെ അനിൽകുമാർ പഞ്ചായത്തിൻ്റെ വികസനരേഖയും അവതരിപ്പിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷൻ റ്റി മനു ചർച്ച നയിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് മായാദേവി, ബെന്നി വർഗ്ഗീസ്, ഫില്ലമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം രജനി അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി ബാബു, കെ എം സജികുമാർ, ആന്റണി അലക്‌സ്, തോമസ് ജോസഫ്, റ്റി ബാബു, സിഡിഎസ് ചെയർപേഴ്സൺ റ്റി കെ സുധർമ, പഞ്ചായത്ത് അസി. സെക്രട്ടറി ടി എം ദിനി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സദസിന്റെ ഭാഗമായി വിജ്ഞാന കേരളം തൊഴിൽമേള, വിശിഷ്ട വ്യക്തികൾക്കുള്ള ആദരം, ചിത്ര പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.