പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് വെള്ളിനേഴി പഞ്ചായത്തിലെ അതിജീവനം ഹരിതസേന. 10 വനിത അംഗങ്ങളാണ് സേനയിലുള്ളത്. പഞ്ചായത്തിലെ 5000 വീടുകളില്‍ നിന്നും 30 രൂപ യൂസേഴ്സ് ഫീ ഈടാക്കിയാണ് പ്ലാസ്റ്റിക് മാലിന്യമെടുക്കുന്നത്. കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 40 രൂപയാണ് ഈടാക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുറ്റാനശ്ശേരിയില്‍ 21 ലക്ഷം ചെലവിട്ട് സംസ്‌ക്കരണ യൂണിറ്റും നിര്‍മിക്കുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതി വിഹിതവും ശുചിത്വഫണ്ടും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്‌ക്കരണ യൂണിറ്റ് പ്രാവര്‍ത്തികമാവുന്നതോടെ പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. പൊടിച്ച പ്ലാസ്റ്റിക് ടാറിങ് പ്രവൃത്തികള്‍ക്ക് ഉപയോഗപ്പെടുത്തും. സംസ്‌ക്കരണ യൂണിറ്റിന്റെ നിര്‍മാണം അടുത്ത ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. നാടിനാകെ മാതൃകയായ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിതസേനയെ ജില്ലാ കുടുംബശ്രീമിഷന്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.