വയ്യാങ്കരച്ചിറ ഇക്കോ ടൂറിസത്തിനുശേഷം മാവേലിക്കര മണ്ഡലത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി പാലമേൽ പഞ്ചായത്തിനെ മാറ്റുമെന്നും 10 കോടി രൂപ ചെലവ് വരുന്ന ഇക്കോ വില്ലേജ് ടൂറിസത്തിന് ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്നും എം എസ് അരുൺകുമാർ എംഎൽഎ പറഞ്ഞു. പാലമേൽ ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സ് നൂറനാട് എസ് എൻ വിവേക് വിദ്യാമന്ദിറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലമേൽ പഞ്ചായത്തിൽ അങ്കണവാടികൾക്ക് മാത്രമായി ഒരു കോടി രൂപ അനുവദിക്കുമെന്നും നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഒരു ദിവസം 200 ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന ആധുനിക ഡയാലിസിസ് കേന്ദ്രം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്തിന്റെ വികസന രേഖയായ ‘സമീക്ഷ’ പ്രകാശനവും എംഎൽഎ നിർവഹിച്ചു.

ലൈഫ് ഭവന പദ്ധതിയിലൂടെ 496 വീടുകൾ പൂർത്തീകരിച്ചു നൽകിയതായി സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മരുന്ന് വാങ്ങുന്നതിനായി 1.02 കോടി രൂപയും പാലിയേറ്റീവ് കെയർ മേഖലയിൽ 64.78 ലക്ഷം രൂപയും ചെലവഴിച്ചു. അങ്കണവാടികൾ മുഖേന ആറുമാസം മുതൽ ആറുവയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും 1.90 കോടി രൂപ ചെലവിൽ അനുപൂരക പോഷകാഹാരം നൽകുന്നു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പഞ്ചായത്തിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിച്ചുവരുന്നു. ഭിന്നശേഷി സ്കോളർഷിപ്പിനായി 68.92 ലക്ഷം രൂപ ചെലവഴിച്ചു.

ദിശാകിരൺ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനം നൽകുന്നുണ്ട്. 5.22 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി 70.15 ലക്ഷം രൂപയും നൽകി. 36 അംഗങ്ങളുള്ള ഹരിതകർമ്മസേന എല്ലാ മാസവും അഞ്ച് ടൺ മാലിന്യം ശേഖരിക്കുന്നു. കാർഷിക മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നെൽകൃഷിക്കായി 1.18 കോടി രൂപ ചെലവഴിച്ചതായും കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് തരിശുരഹിത പാലമേൽ പദ്ധതിയിലൂടെ 536 കർഷകർക്ക് 14.31 ലക്ഷം രൂപ അനുവദിച്ചതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് അധ്യക്ഷനായി.