* വനാതിർത്തികളിൽ എൽഇഡി ബൾബുകൾ

കൃഷിയിടങ്ങളിൽ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികൾ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളിൽ വിവിധ വർണങ്ങൾ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എൽഇഡി ബൾബ് സ്ഥാപിക്കുന്നതാണ് തന്ത്രം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ നെയ്ക്കുപ്പ സെക്ഷനിൽ 14 ഇടങ്ങളിൽ ഇത്തരത്തിൽ എൽഇഡി വിളക്ക് സ്ഥാപിച്ചു. ഇവിടങ്ങളിൽ വന്യജീവിശല്യത്തിൽ കുറവ് വന്നതായാണ് കർഷകസാക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റേഞ്ച് പരിധിയിൽ ആന, പന്നിശല്യം കൂടുതലുള്ള പ്രദേശങ്ങളിലെ 30 കർഷക ഗ്രൂപ്പുകൾക്ക് എൽഇഡി ബൾബും ഇലക്ട്രിക് വയറും സൗജന്യമായി നൽകാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
സഹപ്രവർത്തകരിൽ ഒരാൾ നിർദേശിച്ചതനുസരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ നെയ്ക്കുപ്പ സെക്ഷനിലെ മാന്തടത്ത് എൽഇഡി ബൾബ് സ്ഥാപിച്ചതെന്നു റേഞ്ച് ഓഫീസർ വി. രതീശൻ പറഞ്ഞു. വിജയകരമെന്നു കണ്ടപ്പോഴാണ് നെയ്ക്കുപ്പ സെക്ഷനിൽ തന്നെ 13 ഇടങ്ങളിൽ കൂടി സ്ഥാപിച്ചത്. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളിൽ ബാറ്ററിയുടെ സഹായത്തോടെയാണ് വിളക്ക് പ്രകാശിപ്പിക്കുന്നത്. ബാറ്ററിക്കും ബൾബിനും വയറിനുമായി ഏകദേശം നാലായിരം രൂപയാണ് ചെലവ്.
സൗത്ത് വയനാട് ഡിവിഷനിൽ വന്യജീവിശല്യത്തിനു കുപ്രസിദ്ധമാണ് ചെതലത്ത് റേഞ്ചിലെ വനാതിർത്തി ഗ്രാമങ്ങളിൽ പലതും. വനവും ഗ്രാമവും അതിരിടുന്നതിൽ ചതുപ്പും പാറക്കൂട്ടവും ഒഴികെ ഭാഗങ്ങളിൽ വനം-വന്യജീവി വകുപ്പ് സ്വന്തം നിലയ്ക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രതിരോധക്കിടങ്ങ് നിർമിച്ചെങ്കിലും ആന, പന്നി ശല്യത്തിനു കാര്യമായ ശമനമില്ല. കിടങ്ങുകൾ ഇടിച്ചുനികത്തിയാണ് ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. കിടങ്ങ് നികന്ന ഭാഗങ്ങളിലൂടെയാണ് പലപ്പോഴും പന്നിക്കൂട്ടങ്ങളുടെയും കാടിറക്കം. വനാതിർത്തിലെയിലെ വൈദ്യുതിവേലി ഷോക്ക് ഏൽക്കാത്തവിധം ചവിട്ടിമറിച്ച് കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിൽ വൈദഗ്ധ്യവും നേടിയിരിക്കുകയാണ് ആനകൾ.
കൃഷിനാശവുമായി ബന്ധപ്പെട്ട് നെയ്ക്കുപ്പ സെക്ഷനിലെ കർഷകർ നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് സഹപ്രവർത്തകന്റെ നിർദേശം റേഞ്ച് ഓഫീസർ പരീക്ഷിച്ചത്. ബഹുവർണങ്ങളിൽ പ്രകാശം പൊഴിച്ച് വട്ടംകറങ്ങുന്ന ബൾബ് സൃഷ്ടിക്കുന്ന അലോസരവും ഭയവുമാണ് കാടിറങ്ങുന്നതിൽ നിന്ന് ആനകളെയും പന്നികളെയും തടയുന്നതെന്നു റേഞ്ച് ഓഫീസർ പറഞ്ഞു. എൽഇഡി ബൾബ് വിദ്യ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ലെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.