ചെന്നിത്തല: പ്രളയത്തെ അതിജീവിച്ച കാർഷിക മേഖല ഇന്ന് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന കാഴ്ചയാണ് ആലപ്പുഴയിലെ കുട്ടനാടടക്കമുള്ള പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിൽ പുതുതായി പണികഴിപ്പിച്ച കൃഷിഭവൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടനാട്ടിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7000 ഹെക്ടർ സ്ഥലത്താണ് പ്രളയാനന്തരം പുഞ്ചകൃഷി ചെയ്തത്. 35000 മെട്രിക് ടൺ നെല്ലാണ് ഈ വർഷം അധികമായി കുട്ടനാടിന്റെ കാർഷിക മേഖലയിൽ നിന്നും ഇതിലൂടെ ഉൽപ്പാദിപ്പിക്കുവാൻ സാധിക്കുക.
പ്രളയം മൂലം തകർന്ന് പോകുമായിരുന്ന കാർഷിക മേഖലക്ക് കരുത്തായത് കൃഷിക്കാരന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സമീപനമാണ്.പ്രത്യേകിച്ചും കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിലെ കൃഷിക്കാർ അതിസാഹസികരായ കൃഷിക്കാരാണെന്നും അവരുടെ കാർഷിക വൃത്തിയോടുള്ള സ്നേഹവും എന്തിനേയും നേരിടാനുള്ള കരുത്തുമാണ് പ്രളയാനന്തരം ഈ മേഖലയിലെ ഇപ്പോഴത്തെ അതിജീവനത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
പ്രളയ സമയത്ത് തന്റെ ജില്ലയായ തൃശ്ശൂരിലെ കരിവരിഞ്ഞിപ്പുഴ കര കവിഞ്ഞ് ദിശമാറി ഒഴുകിയപ്പോൾ പട്ടാളം പോലും മാറിയയിടത്ത് മണിക്കൂറുകൾക്കകം ബണ്ട് നിർമ്മിച്ച കുട്ടനാട്ടിലെ കർഷകരോടുള്ള നന്ദിയും മന്ത്രി മറച്ചുവെച്ചില്ല. കാർഷിക മേഖലയുടെ ഉന്നമനത്തിനായുള്ള എല്ലാവിധ സഹായങ്ങളും പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.പ്രളയത്തിനുശേഷം കാർഷിക രംഗത്ത് മാതൃകാപരമായ അതിജീവനമാണ് ചെങ്ങന്നൂരിൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ വർഷങ്ങളായി തരിശു കിടന്നിരുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കഴിഞ്ഞു. ഒരു വർഷത്തിനകം പൂർണ്ണമായും തരിശുരഹിത മണ്ഡലമായി ചെങ്ങന്നൂർ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ പഞ്ഞായത്തുകളിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളിൽ തരിശ് കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന് പ്രഥമ പരിഗണന നൽകും ഇതിനായി സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിന്റെ 2015-16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ഭവന്റെ നിർമ്മാണം. പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ നാരായണൻ,മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്,ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള,ജില്ല പഞ്ചായത്തംഗം ജേക്കബ്ബ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു.

കാർഷിക മേഖല അതിജീവനത്തിന്റെ പാതയിൽ:
വി.എസ് സുനിൽകുമാർ

ചെങ്ങന്നൂർ: പ്രളയാനന്തരം കാർഷിക മേഖല അതിജീവന പാതയിലാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ചെങ്ങന്നുരിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ പുതിയതായി പണി കഴിപ്പിച്ച കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . ഈ അസാധാരണമായ തിരിച്ചു വരവ് ലോകത്തിനു തന്നെ മാതൃകയാണന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രളയത്തെ തുടർന്ന് പാടങ്ങളിൽ എക്കൽ അടിഞ്ഞു കൂടിയ കർഷകർ അപേക്ഷകൾ നൽകണമെന്നും മന്ത്രി പറഞ്ഞു.പാണ്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കർഷകരുടെസംരക്ഷണം, കരിമ്പ് ഉൾപ്പെടെയുള്ള എല്ലാ കൃഷികളുടേയും പ്രോത്സാഹനം എന്നിവ സർക്കാർ നയമാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.ചെങ്ങന്നൂരിനെ തരിശുരഹിത മണ്ഡലമാക്കി മാറ്റുമെന്നു സജി ചെറിയാൻ പറഞ്ഞു.പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ., ചെങ്ങന്നുർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ജി. കൃഷ്ണ കുമാർ , ജോജി പാലങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.