രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കലക്‌ട്രേറ്റില്‍ എ.ഡി.എം ഇ.പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്ലഡ് ബാങ്ക് മാനേജിംഗ് കമ്മറ്റിയുടെ യോഗത്തിലാണ് തീരുമാനം.
സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കൂട്ടായ്മകള്‍ക്കുമൊക്കെ ക്യാമ്പില്‍ ഭാഗമാകാം. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിനായി നിലവില്‍ സന്നദ്ധ സംഘനകളും തൊഴില്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെ ക്യാമ്പുകള്‍ നടത്തി വരുന്നുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലേക്കും രക്തവിതരണം നടത്തുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ നിന്നാണ്. സന്നദ്ധ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സംഘടനകളോ പ്രവര്‍ത്തകരോ ആശുപത്രിയുടെ 0495 2722998 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ ബ്ലഡ് ബാങ്കിന്റെ പ്രത്യേക വാഹനം സ്ഥലത്ത് നേരിട്ടെത്തി രക്തം ശേഖരിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ രാജേന്ദ്രന്‍,ഡോക്ടര്‍മാരായ മോഹന്‍ദാസ്, സുചരിത, സല്‍വ, ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രതിനിധികളായ നളിനാക്ഷന്‍ പി.കെ, ഡോ അബ്ദുള്ള ചിറയക്കാട്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബ്ലഡ് ബാങ്കിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു