പൂവാർ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോട്ടുകളിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബോട്ട് കമാൻഡർ, അസിസ്റ്റന്റ ബോട്ട് കമാൻഡർ: അപേക്ഷകർ എക്‌സ് നേവി/എക്‌സ് കോസ്റ്റ് ഗാർഡ്/എക്‌സ് ബി.എസ്.എഫ് വാട്ടർ വിത്ത് സൈനികരായിരിക്കണം. കേരള മൈനർ പോർട്ട്‌സിന്റെ മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്)/എം.എം.ഡി ലൈസൻസ് ഉളളവരായിരിക്കണം. ഇതിനുപുറമെ ബോട്ട് കമാൻഡർക്ക് അഞ്ച് വർഷവും അസ്സിസ്റ്റന്റ് ബോട്ട് കമാൻഡർക്ക് മൂന്നു വർഷവും ബോട്ട് ഓടിച്ചുളള പരിചയം ഉണ്ടായിരിക്കണം. സഞ്ചിത മാസശമ്പളം ബോട്ട് കമാൻഡർക്ക് 28385/- രൂപയും അസിസ്റ്റന്റ ബോട്ട് കമാൻഡർക്ക് 27010/- രൂപയുമാണ്. രണ്ട് ഒഴിവുകൾ വീതമാണ് ഈ തസ്തികകളിലുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 50 വയസ്സ് കഴിയാത്തവരായിരിക്കണം.
സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ്: അപേക്ഷകർ ഏഴാം ക്ലാസ്സ് വരെ പഠിച്ചവരും അഞ്ച് വർഷത്തെ പുറംകടൽ പരിചയവും രക്ഷാപ്രവർത്തനത്തിലുളള കഴിവും പരിചയവും ഉണ്ടായിരിക്കണം. ഉയരം അഞ്ച് അടി ആറ് ഇഞ്ച്, നെഞ്ചളവ് 85 സെ.മി, വികസിക്കുമ്പോൾ 90 സെ.മി ഉണ്ടായിരിക്കണം. ഈ തസ്തികയിൽ എട്ട് ഒഴിവാണുളളത്. പ്രായം 2019 ഏപ്രിൽ ഒന്നിന് 24 വയസ്സ് കഴിയരുത്. സഞ്ചിത മാസശമ്പളം 19280/- രൂപ.
എല്ലാ തസ്തികയിലുളള അപേക്ഷകരും കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കണം. കാഴ്ചശക്തി – ദൂരക്കാഴ്ച 6/6 സ്‌നെല്ലൻ, സമീപകാഴ്ച 0.5, വർണ്ണാന്ധത, നിശാന്ധത, കോങ്കണ്ണ് തുടങ്ങിയവ ഉണ്ടായിരിക്കരുത്. സ്ത്രീകൾ, വികലാംഗർ, പകർച്ചവ്യാധിയുളളവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകൾ ജൂൺ 12ന് മുൻപ് തിരുവനന്തപുരം പി.എം.ജിയിലുളള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖാന്തരമോ എത്തിക്കണം.