പ്ലാസ്റ്റിക് മാലിന്യ പരിപാലനത്തിനായി പരീക്ഷിച്ച പദ്ധതികളിലെ പോരായ്മകള്‍ക്ക് മറുപടിയായി  ഇതാ ജില്ലയില്‍ നിന്ന് ഒരു വിജയ മാതൃക. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ കയറ്റിയ ട്രക്കിന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പച്ചക്കൊടി കാട്ടുമ്പോള്‍ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയാരവമാണ് മുഴങ്ങിയത്. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്കാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിറച്ച ട്രക്കുകള്‍ യാത്രയായത്. പുതിയൊരു കൊല്ലം മാതൃകയ്ക്കാണ് ഇവിടെ തുടക്കമായത്.
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. അജൈവമാലിന്യം കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗൃഹസന്ദര്‍ശനത്തിലൂടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടവുമായി. ഇതോടെ മാലിന്യം വേര്‍തിരിക്കുന്നതിനും ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും ആളുകള്‍ തയ്യാറായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റുവാങ്ങുവാന്‍ വീട്ടുപടിക്കല്‍ ഹരിത കര്‍മസേനാംഗങ്ങള്‍ എത്തിയതോടെ പരിപാടിക്ക് പൂര്‍ണ സഹകരണം ലഭിച്ചു തുടങ്ങി. ഡിസംബര്‍ മാസത്തില്‍ വാര്‍ഡിലെ വിവിധ ഭവനങ്ങളില്‍ നിന്നും 100 ചാക്കോളം മാലിന്യമാണ് ശേഖരിച്ചത്. പഞ്ചായത്തിന്റെ മെറ്റീരിയല്‍ റിക്കവറി സെന്ററില്‍ എത്തിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തിന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണം കൈത്താങ്ങായി.
ഷ്രെഡിംഗ് യൂണിറ്റിലേക്ക് മറ്റൊരു പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് സ്വീകരിക്കാന്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് തയ്യാറായി എന്നത് മാലിന്യ സംസ്‌കരണത്തില്‍ പുതിയൊരു വഴിത്തിരിവായി. കടയ്ക്കല്‍ പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലെ റോഡ് നിര്‍മാണ പ്രവൃത്തികളില്‍ ടാറിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുത്ത ഗ്രാന്യൂളുകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. കടയ്ക്കല്‍ അമ്പാടിമുക്ക് അഴകത്തുവിള റോഡ് ടാറിംഗിന് 246 കിലോഗ്രാം പ്ലാസ്റ്റിക് ഗ്രാന്യൂളുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നു. മാലിന്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ  സഹകരണം വിജയകരമായ മാതൃകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ചും അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിച്ചും പദ്ധതികള്‍ മുന്നോട്ട് നീക്കണം. മുഴുവന്‍ പഞ്ചായത്തുകളും നഗരസഭകളും ഒരുമിച്ച് പരിശ്രമിച്ചാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കൊല്ലം ജില്ലയെ മാലിന്യ മുക്തമാക്കാന്‍ കഴിയും – കലക്ടര്‍ പറഞ്ഞു.
വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നിര്‍മല അധ്യക്ഷയായി. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പദ്ധതി രൂപീകരണ സമിതിയംഗം ആനന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്. ശരത്ത്, പി.എം. സുഹറാബീവി, ബി. രേഖ, എ. നിസാര്‍, ഡോ. കെ. ശശി, എസ്. റിയാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ആര്‍. ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.