ആചാരലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ക്കെതിരെയുളള പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെയുളള സമീപനമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദളിത് സമൂഹത്തില്‍ നിന്നുള്ള പൂജാരിമാര്‍ക്ക് ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ സമൂഹം പുരോഗമിക്കുന്നത് തടയാനുളള ശ്രമം അനുവദനിയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വം അനുസ്മരിക്കാന്‍ ശബരി ആശ്രമം പോലെ അനുയോജ്യമായ മറ്റൊരു ഇടമില്ല.
ഗാന്ധിജിയെ ഭാരത ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നിലവില്‍ നടന്നുവരുന്നുണ്ട് . അദ്ദേഹത്തിനെതിരെയുള്ള അപമാനങ്ങള്‍ക്കും അനാവശ്യപ്രാചാരങ്ങള്‍ക്കും കേരളത്തില്‍ ഇടമുണ്ടാവില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സബര്‍മതി, സേവാ കേന്ദ്രം തുടങ്ങിയ ഗാന്ധി സ്മാരകങ്ങള്‍ പോലെ ഒരുകാലത്ത് മലബാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ തീര്‍ത്ഥാടന സമാനമായ കേന്ദ്രമായിരുന്നു ശബരി ആശ്രമം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായും തൊട്ടുകൂടായ്മയ്ക്കും എതിരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയും നവോത്ഥാന നായകനുമായ ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ 1922 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിച്ചത്.
ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിനുള്ള പോരാട്ട ചരിത്രം പുതുതലമുറ വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്കക്കാരേയും ദളിതരെയും ഉള്‍പ്പെടുത്തി ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ ഇവിടെവച്ചാണ് മിശ്രഭോജനം നടത്തിയത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഭ്രഷ്ട് പിന്നീട് അദ്ദേഹത്തെ ദേശീയ പ്രസ്ഥാനങ്ങളില്‍ സജീവമാക്കി.
ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശനം നടത്തിയ സ്ഥാപനം, ഗാന്ധിജി പത്നി കസ്തൂര്‍ബാ ഗാന്ധിക്കൊപ്പം സന്ദര്‍ശനം നടത്തിയ സ്ഥാപനം എന്നീ പ്രത്യേകതകള്‍ ഉളള ശബരി ആശ്രമത്തില്‍ സാംസ്‌ക്കാരിക വകുപ്പ് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി താമസിച്ച കുടില്‍ തനിമയോടെ പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരി ആശ്രമം രക്തസാക്ഷ്യം സ്മൃതി മണ്ഡപം മൊത്തം അഞ്ച് കോടി ചിലവിലാണ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2.60 കോടി ചെലവിലാണ് നിര്‍വഹിക്കുക. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പരിപാടിയില്‍ വ്യക്തമാക്കി.
ശബരി ആശ്രമത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സന്ദര്‍ശിച്ചത് ഗാന്ധിജിയും പത്‌നി കസ്തൂര്‍ബ ഗാന്ധിയും വിശ്രമിച്ച മണ്‍കുടിലാണ്. ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുന്നില്‍ വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഗാന്ധിചിത്രത്തിനു മുന്നില്‍ ദീപം തെളിയിച്ചു.
ആശ്രമം സ്ഥാപിച്ച ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെയും പത്‌നി ഈശ്വരിയമ്മാളിന്റെയും സ്ഥലം വിട്ടു നല്‍കിയ അപ്പു യജമാനന്റെയും ചിത്രങ്ങള്‍ മുഖ്യമന്ത്രി വീക്ഷിച്ചു. സമീപത്തെ സ്‌കൂളുകളില്‍ നിന്നുള്ള സ്‌കൗട്ട്, ഗൈഡ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അണിനിരന്നു. ശബരി ആശ്രമത്തിലെ പൂര്‍വ വിദ്യാര്‍ഥികളും ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരും ആയിരക്കണക്കിന് പ്രദേശവാസികളും പരിപാടിയില്‍ പങ്കാളികളായി.
ശബരി ആശ്രമം കെട്ടിടം കൊണ്ട് നിറയ്ക്കാനല്ല, പകരം ആശ്രമത്തിന്റെ അന്തസ്സിനും പാരമ്പര്യത്തിനും ചേരുന്ന രീതിയില്‍ ഗാന്ധിജിയെ അനുഭവിക്കാനാകുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പ് ഡയറക്ടര്‍ ജി ശങ്കര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനകം ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് സാംസ്‌ക്കാരിക വകുപ്പ് നല്‍കുന്ന ഉപഹാരം ഡയറക്ടര്‍ ടി.സദാശിവന്‍ നായര്‍ നല്‍കി. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പി.എ ഗോകുല്‍ദാസ് മന്ത്രി എ കെ ബാലന് ഉപഹാരം നല്‍കി.
പരിപാടിയില്‍ നിയമ-സാംസ്‌കാരിക പട്ടികജാതി-പട്ടികവര്‍ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. ശബരി ആശ്രമം സ്ഥാപിച്ച ടി.ആര്‍ കൃഷ്ണസ്വാമി അയ്യരുടെ കുടുംബാംഗങ്ങളായ മോഹന്‍ദാസ്, രോഹിണി മോഹന്‍ദാസ് എന്നിവരെയും സ്ഥലം വിട്ടുനല്‍കിയ അപ്പു യജമാനന്റെ കുടുംബാംഗങ്ങളായ എം സേതുമാധവന്‍, ഭാര്‍ഗവി കുട്ടി ടീച്ചര്‍, എം ബാലചന്ദ്രന്‍, വി.കെ. മണികണ്ഠന്‍ എന്നിവരെയും പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ആദരായന’ത്തില്‍ ആദരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ ഗാന്ധി അനുസ്മരണം നടത്തി.
പരിപാടിയില്‍ വി. കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്‍ നായര്‍, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍, ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. കെ. നാരായണദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, ഹരിജന്‍ സേവക് സമാജം കേരള ഘടകം ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, സി.കെ രാജേന്ദ്രന്‍, വാര്‍ഡ് അംഗം എസ്.ഷിജു, ശബരി ആശ്രമം സെക്രട്ടറി ടി.ദേവന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിച്ച മാണിക്യകല്ല് നാടന്‍ പാട്ട് അരങ്ങേറി.