ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ‘രക്തസാക്ഷ്യം’ സ്മൃതി മണ്ഡപം ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷനായിരുന്നു മന്ത്രി.

അയിത്തോച്ചാടനത്തിന് വേദിയായ ശബരി ആശ്രമം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവാണ് ഇത്തരം ഗാന്ധിസ്മൃതി മണ്ഡപം നിര്‍മിക്കാന്‍ കാരണമായത്. ശബരി ആശ്രമ നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സാംസ്‌ക്കാരിക വകുപ്പിന് ഇത് സ്വപ്ന സാക്ഷ്യാത്ക്കാരത്തിന്റെ ദിനമാണ്.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെയും 70-ാം രക്തസാക്ഷ്യത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായാണ് ശബരി ആശ്രമത്തില്‍ സ്മൃതി മണ്ഡപം സ്ഥാപിക്കാന്‍ തീരുമാനമായതെന്നും മന്ത്രി പറഞ്ഞു.

അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്. ഇങ്ങനെ കേരളത്തിന്റെ സാംസ്‌ക്കാരിക, ചരിത്ര, സാമൂഹിക, നവോത്ഥന മേഖലകളില്‍ ശബരി ആശ്രമം ഇന്നും പ്രസക്തമാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അകത്തേത്തറ – നടക്കാവ് മേല്‍പ്പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ഉടനടി പൂര്‍ത്തിയാകും. പാലം യാഥാര്‍ഥ്യമാകുന്നതോടെ ശബരി ആശ്രമത്തിലേക്കുള്ളവരുടെയും പരിസരവാസികളുടെയും യാത്രയും സുഗമമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.