പടന്നക്കാട് ബേക്കല്‍ ക്ലബ്ബിലെ ഓട്ടന്‍ തുള്ളല്‍ നടക്കുന്ന വേദിയിലെ കാഴ്ചകള്‍ വേറെ ലെവലാണ്. ഓട്ടന്‍തുള്ളലിന് വേഷഭൂഷാധികളിട്ട് ഒരുങ്ങി മണിക്കൂറുകള്‍ കാത്തിരിക്കുന്ന പതിവ് കലോത്സവ കാഴ്ചകളൊന്നും ഇവിടെ ഇല്ല.ഇവിടെ മത്സരാര്‍ഥികളെല്ലാം വളരെ സന്താഷത്തിലാണ്. ചമയമിടാനുള്ള ഗ്രീന്‍ റൂമില്‍ ഒന്നോ രണ്ടോ മത്സരാര്‍ഥികള്‍ മാത്രം.
അയ്യോ ആകെ രണ്ടാള്‍ മാത്രമേ മത്സരത്തിനൊള്ളോയെന്ന് ചോദിക്കാന്‍ വരട്ടെ..ബേക്കലിനോട് ചേര്‍ന്നുള്ള കായലോരങ്ങളിലായാണ് ബാക്കിയുള്ള മത്സരാര്‍ഥികള്‍ ചമയമിടുന്നത്. കായലിന്റെ കാഴ്ചകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കിയാണ് മത്സരാര്‍ഥികള്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഓട്ടന്‍ തുള്ളലില്‍ മത്സരിച്ചതാണ്. പക്ഷെ ആദ്യമായാണ്, ഇത്ര ശാന്തമായി കായലിന്റെ സൗന്ദര്യമെക്കെ ആസ്വദിച്ച് വേദിയിലെത്തുന്ന്. – മത്സരത്തില്‍ പങ്കെടുക്കാനെത്തിയ അംഗിതയുടെ വാക്കുകളിലുണ്ട് ബേക്കല്‍ ക്ലബ്ബിലെ അനുഭവ മത്രയും.