തൃശ്ശൂർ: തലമുറ കൈമാറി വന്ന പരമ്പര്യകൃഷി രീതി പ്രാവർത്തികമാക്കി പ്രായഭേദമന്യേ ഒരു ഗ്രാമം മുഴുവൻ കൈകോർത്ത് മണ്ണിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ജീവനി പദ്ധതിയിലൂടെ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിനെ പച്ചക്കറി ഗ്രാമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തുകാർ.

കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടിന്റെ ടെറസിൽ തുടങ്ങി 14 ഏക്കർ ഭൂമിയിൽ വരെ കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യുന്നത്തിന് വേണ്ട എല്ലാ സഹായങ്ങളും ഏങ്ങണ്ടിയൂർ കൃഷി ഭവനിൽ നിന്ന് നൽകുന്നു. വിദ്യാലയങ്ങളിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കർഷകർ, കുടുംബശ്രീ, വിവിധ കൂട്ടായ്മകൾ എന്നിവർ ചേർന്നാണ് കൃഷി ചെയ്യുന്നത്.

പഞ്ചായത്തിൽ ഏകദേശം 25 ഏക്കറിലായി വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. നെല്ല്, കാബേജ്, ചേന, കോവൽ, തക്കാളി, പടവലം, പയർ, വെളളരിക്ക, പാവൽ, ചീര, വാഴ, കൂർക്ക, കപ്പ, പച്ചമുളക് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എടതിരുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ നിന്ന് തൈകളും പാണഞ്ചേരി സ്റ്റേറ്റ് ഫാമിൽ നിന്ന് വിത്തുകളും കർഷകർക്ക് നൽകുന്നുണ്ട്. അയ്യായിരം തൈകളും 178 പേക്കറ്റ് വിത്തുകളും ഏങ്ങണ്ടിയൂർ കൃഷിഭവൻ വഴി കർഷകർക്ക് നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ 198 കുടുംബശ്രീ യൂണിറ്റുകളും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. കൃഷിയോട് താൽപര്യമുള്ള ഒരു കൂട്ടം പുതിയ തലമുറയിലെ യുവാക്കളും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതിയിൽ ജീവനി പദ്ധതിയെ ഉൾപ്പെടുത്തി 23 അങ്കണവാടികളിലും അവിടെയ്ക്ക് ആവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കുന്നുണ്ട്.

ഒരു ഏക്കറിൽ കൃഷി ചെയ്യുന്ന കർഷകന് ഒരു വർഷത്തേയ്ക്ക് 17,500 രൂപ കൂലി നൽകുന്നതിനായി സാമ്പത്തിക സഹായം നൽക്കുന്നുണ്ട്. ജലലഭ്യതയുടെ പരിമിതിയേയും മറികടന്നാണ് ഏങ്ങണ്ടിയൂർ കാർഷികനേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, സമീകൃത ആഹാരത്തിലൂടെ ആരോഗ്യം, വീട്ടുവളപ്പിൽ തന്നെ വർഷം മുഴവൻ പച്ചക്കറി എന്നതാണ് ജീവനി പദ്ധതിയുടെ ലക്ഷ്യം. 2020 ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ നാല് വരെ 70 ദിവസം നീണ്ട് നിൽക്കുന്നതാണ് പദ്ധതി.

വർഷം മുഴുവൻ സംസ്ഥാനത്തൊട്ടാകെ സുരക്ഷിത പച്ചക്കറി എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഏങ്ങണ്ടിയൂർ കുതിക്കുകയാണെന്ന് കൃഷി ഓഫീസർ അനൂപ് വിജയൻ പറഞ്ഞു.