* സംസ്ഥാനത്തെ ആദ്യത്തെ 33 കെ.വി കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ ആറ്റിങ്ങലില്‍ പ്രവര്‍ത്തനമാരംഭിച്ചു
ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലും ഇനി മുടക്കം കൂടാതെ വൈദ്യുതി ലഭിക്കും.  സംസ്ഥാനത്തെ ആദ്യത്തെ 33 കെ.വി. കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ ഇനി ആറ്റിങ്ങലിനു സ്വന്തം.  6.6 കോടി രൂപ ചെലവില്‍ ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനിലാണ് കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.  സബ്‌സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ 33 കെ.വി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചാണ് കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷനിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നത്.
ബി. സത്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സബ്‌സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു.  നിര്‍ത്തിവച്ചിരിക്കുന്ന ചെറുതും വലുതുമായ വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം.  എല്ലാ സാധ്യതകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള വൈദ്യുതി നല്‍കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആറ്റിങ്ങല്‍ മേഖലയുടെ കാര്‍ഷികവും വ്യാവസായികവും വാണിജ്യപരവുമായ വളര്‍ച്ചയ്ക്ക് കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷന്‍ വഴിതെളിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി. സത്യന്‍ എം.എല്‍.എ പറഞ്ഞു.  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളായ മൂന്ന്മുക്ക്, പൂവന്‍പാറ, കൊല്ലംപുഴ, കരിച്ചിയില്‍ എന്നിവിടങ്ങളില്‍ 10,200 ഓളം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ഈ കണ്ടെയ്‌നര്‍ സബ്‌സ്റ്റേഷനിലൂടെ ലഭിക്കും.  വളരെ ചെറിയ സ്ഥലത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന പ്രതേ്യകതയും ഈ സബ്‌സ്റ്റേഷനുണ്ട്.  കൂടാതെ ഇത് നിയന്ത്രിക്കുന്നതിനോ മറ്റാവശ്യങ്ങള്‍ക്കോ ജീവനക്കാരുടെ ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്.  ജര്‍മനിയിലേയും ഇന്ത്യയിലേയും ഫാക്ടറികളില്‍ .നിര്‍മിച്ച് 3.5 മീറ്റര്‍ വീതിയിലും 5.5. മീറ്റര്‍ നീളത്തിലുമുള്ള കണ്ടെയ്‌നറില്‍ സ്ഥാപിച്ചാണ് സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതുമെന്ന പ്രതേ്യകതയും ഇതിനുണ്ട്.
എ. സമ്പത്ത് എം.പി മുഖ്യാതിഥിയായ ചടങ്ങില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, കെ.എസ്.ഇ.ബി ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.