നെടുമ്പാശ്ശേരി: പത്തനംതിട്ട സ്വദേശികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കർശനമാക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പ് അധികൃതരുമായി കളക്ടർ അടിയന്തിര യോഗം ചേർന്നു.

ഫെബ്രുവരി 29 ന് രാവിലെ 8.30 ന് ദോഹ – കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശികൾ നെടുമ്പാശ്ശേരിയിലെത്തിയത്. ഇറ്റലിയിൽ നിന്നുമാണ് ഇവർ കേരളത്തിലേക്കു വന്നത്. ഇവിടെ നിന്നും സ്വന്തം വാഹനത്തിൽ പത്തനം തിട്ടയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചു കഴിഞ്ഞതായി .കളക്ടർ അറിയിച്ചു. ഇവർക്കെല്ലാം സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. ഓരോ ജില്ലക്കാരായ യാത്രക്കാരുടെയും വിവരങ്ങൾ അതാത് ജില്ലക്ക് കൈമാറുകയാണ്. 29 ന് രാവിലെ വിമാനത്താവളത്തിൽ ജോലിയിലുണ്ടായ എല്ലാവരും തന്നെ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ദിശ 1056 എന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാം. 29 ന് രാവിലെ വിമാനത്താവളത്തിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് എത്തിയവരും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട സ്വദേശികളുമായി സമ്പർക്കത്തിൽ പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എയർപോർട്ടിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഇതിനായി വിനിയോഗിക്കും. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. പനിയോ ചുമയോ ജലദോഷമോ ഉളളവർ മാറുന്നതു വരെ പൊതു സ്ഥലങ്ങളിൽ വരുന്നതും ജനങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
സിയാൽ അധികൃതരുമായും കളകടർ
അടിയന്തിര ചർച്ച നടത്തി. ഇതുവരെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവരുടെ പരിശോധനയാണ് നടത്തിയത്. എന്നാൽ ഇനി മുതൽ യൂണിവേഴ്സൽ സ്ക്രീനിംഗാണ് നടത്തുന്നത്. കണക്ട് ഫ്ലൈറ്റുകൾ വഴി വിദേശ രാജ്യങ്ങളിൽ നിന്നും ഡൊമസ്റ്റിക് ടെർമിനലിൽ എത്തുന്നവരെയും സ്ക്രീനിംഗിനു വിധേയമാക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. 29 ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ കൂടുതൽ ശ്രദ്ധിക്കണം. പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ഫ്ലൈറ്റിലെ ജീവനക്കാരോടും ശ്രദ്ധ പുലർത്താൻ കളക്ടർ നിർദ്ദേശിച്ചു. ജീവനക്കാർക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടെല്ലന്നും അധികൃതർ അറിയിച്ചു.
യോഗത്തിൽ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, ഡി.എം.ഒ. ഡോ.എം.എ.കുട്ടപ്പൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ.ശ്രീദേവി, ഡപ്യൂട്ടി എ.പി.എച്ച്.ഒ ഡോ. ടെഡ്ഡി, ഡോ.ഹംസ കോയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.