ലാറി ബേക്കര്‍ പാരമ്പര്യ നിര്‍മ്മാണ സമ്പ്രദായങ്ങളെ ആധുനികവത്ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്പിയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജ•ശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചെലവു കുറഞ്ഞ കെട്ടിട നിര്‍മ്മാണത്തിന്റെ ശില്പിയല്ല, ചെലവില്ലാത്ത കെട്ടിട നിര്‍മ്മാണത്തിന്റെ ശില്പിയാണ് താന്‍ എന്നാണ് തന്റെ അമ്മയ്ക്കു വേണ്ടി പള്ളിക്കൂടത്തിന്റെ കെട്ടിടം നിര്‍മ്മിക്കുന്ന വേളയില്‍ ലാറി ബേക്കര്‍ പറഞ്ഞിട്ടുളളതെന്ന് അരുന്ധതി റോയ് അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ വാസ്തു വിദ്യയുടെ അടിത്തറ തന്നില്‍ രൂപപ്പെടുത്തിയത് ലാറി ബേക്കറാണ്. ക്ലാസ് റൂമിന്റെ ഭിത്തിയെ ചെറുതായി വളച്ചെടുത്ത് ഓരോ ക്ലാസിനും ശുചിമുറി നിര്‍മ്മിക്കണമെന്നും അത് കുട്ടികള്‍ തന്നെ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തന്റെ എഴുത്തിന്റെ ക്രാഫ്റ്റിലും വസ്തുവിദ്യയുടെ അടിത്തറയുണ്ടെന്നും അതിനു കാരണം ലാറിബേക്കറാണ്. സമ്പത്തിന്റെ വൃത്തിക്കെട്ട മുഖം വാസ്തുവിദ്യയെ ഗ്രസിക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. കൂടുതല്‍ പണം ചെലവാക്കി കൂടുതല്‍ ഊര്‍ജ്ജവും പ്രകൃതിവിഭവും ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ആര്‍ഭാടമായി വാസ്തു വിദ്യയും മാറി. പാവപ്പെട്ടവര്‍ക്കിടമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നഗരവത്കരണത്തിന്റെ ഭാഗമായി ഉയരുന്നത്. സമ്പത്തുളളവര്‍ നഗരം കൈയ്യടക്കുമ്പോള്‍ പ്രാന്തപ്രദേശങ്ങളിലെ അഴുക്കു ചാലുകളിലേയ്ക്ക് പാവങ്ങളുടെ ജീവിതം തള്ളപ്പെടുന്നു- അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.
