ആലപ്പുഴ :വീയപുരം മുതൽ തോട്ടപ്പള്ളി സ്പിൽവേ വരെയുള്ള 11 കിലോമീറ്റർ ലീഡിങ് ചാനലിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തികളുടെ പുരോഗതി കളക്ടർ നേരിട്ടെത്തി വിലയിരുത്തി. 3 ഡ്രെഡ്ജർ ഉപയോഗിച്ചാണ് ആഴംകൂട്ടുന്നത്. വരും ദിവസങ്ങളിൽ രണ്ട് ഡ്രെഡ്ജറും കൂടി എത്തുമെന്ന് കളക്ടർ പറഞ്ഞു. പാണ്ടിപ്പാലം, വീയപുരം പാലം, തുരുത്തൻ പാലം എന്നീ സ്ഥലങ്ങളാണ് കളക്ടർ സന്ദർശിച്ചത്. കുട്ടനാട് അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ നിരന്തരമുണ്ടാകുന്ന വെള്ളപൊക്കം നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് ജില്ലാ ഭരണകൂടം.
ഡ്രെഡ്ജർ ഉപയോഗിച്ച ആഴംകൂട്ടുന്നതിലൂടെ വെള്ളത്തിന്റെ നീഴൊഴുക്ക് ശക്തിപ്പെടുത്താൻ സാധിക്കും. മഹാപ്രളയകാലത്ത് ലീഡിങ് ചാനലിലെ ആഴമില്ലായ്മ തോട്ടപ്പള്ളി സ്പിൽവേവഴി കടലിലേക്കുള്ള നീരൊഴുക്കിന് തടസ്സമായിരുന്നു.കാർത്തികപ്പള്ളി തഹസിൽദാർ ബി സി ദിലീപ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സി സജീവ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആശ ബീഗം, ജലസേചന വകുപ്പ് എ ഇ ഷീജ എന്നിവരും സന്ദർശനത്തിന് കൂടെ ഉണ്ടായിരുന്നു.