ആലപ്പുഴ: നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ചിരുന്ന അരൂർ പഞ്ചായത്തിലെ കടപ്പള്ളി തോട് ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
തോട്ടിലെ മാലിന്യങ്ങൾ നീക്കി ആഴം കൂട്ടാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടി ഒഴുക്കു നിലച്ച നിലയിലായിരുന്നു തോട്.

മഴക്കാലമായതോടെ വെള്ളപ്പൊക്ക ഭീഷണിയിലായ തോട് ഉടന്‍ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുകയായിരുന്നു. കൈതപ്പുഴ കായലിനോട് ബന്ധപ്പെട്ടുകിടക്കുന്ന ഈ തോട് കഴിഞ്ഞവർഷത്തെ പ്രളയത്തിൽ കവിഞ്ഞൊഴുകിതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നിരുന്നു.

ഒന്നരലക്ഷം രൂപ മുതൽമുടക്കിലാണ് തോട് നവീകരിക്കുന്നത്. മഴക്കാലം ശക്തമാകുന്നതിന് മുന്നേ തോട് ശുചീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ പറഞ്ഞു.